ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാൻ 2 വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യതയാണ് അവസാനിച്ചത്. ലാൻഡറിനെ കുറിച്ച് പരിശോധിച്ച് വരികയാണ് ഐ.എസ്.ആർ.ഒ. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്‌ധ സംഘം പരിശോധിച്ച് വരികയാണ്.
സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന വിക്രം ലാൻഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകൽ അവസാനിച്ച് അത്ര തന്നെ ദൈർഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാൻഡറിന് ഇനി പ്രവർത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി തുടങ്ങിയതോടെ ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ സമയത്ത് ലാൻഡറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടുവരാനും സാധ്യതയുണ്ട്. അതിനാൽ ചന്ദ്രനിൽ ഇനിയൊരു പകൽ വരുമ്പോഴേക്കും ലാൻഡറിന് സുരക്ഷിതമായി നിലനിൽക്കാൻ ആകില്ല.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്. എന്നാൽ, നിർണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകൾക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിൽ നിന്ന് ബന്ധം നഷ്ടപ്പെട്ട വിക്രം ലാൻഡറിന് സോഫ്റ്റ് ലാൻഡിംഗ് നടത്താനായില്ല. സെപ്തംബർ 7ന് പുലർച്ചെയായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാൻ 2, വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാൽ, 'നിശ്ചിത' സമയത്തിന് മിനിറ്റുകൾ മുൻപാണ് ചന്ദ്രനിൽനിന്നും 2.1 കിലോമീറ്റർ ദൂരെവച്ച് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |