ദുബായ്: ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മുഹമ്മദ് സിറാജ്. ഓവല്‍ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ 15ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സിറാജ്. പേസറുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആണിത്. ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കുന്നതില്‍ സിറാജിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളുമായി തിളങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ നാലും, രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ സഹിതം ഒമ്പത് വിക്കറ്റുകളുമായി തിളങ്ങിയാണ് താരം പ്ലെയര്‍ ഓഫ് ദ മാച്ച് ബഹുമതി കരസ്ഥമാക്കിയത്. രണ്ടാം ഇന്നിംഗ്‌സിലെ അഞ്ചു വിക്കറ്റ് പ്രകടനം സിറാജിന്റെ കരിയറിലെ അഞ്ചാമത്തെ 'ഫൈവ്ഫര്‍' ആയിരുന്നു. 374 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 367 റണ്‍സിന് പുറത്തായി.ആറ് റണ്‍സിനാണ് ഇന്ത്യയുടെ ഐതിഹാസിക വിജയം. കഴിഞ്ഞ ജനുവരിയില്‍ സ്വന്തമാക്കിയ 16ാം റാങ്ക് ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും മികച്ച റാങ്കിംഗ്. 889 റേറ്റിംഗ് പോയിന്റുകളുമായി ജസ്പ്രീത് ബുംറയാണ് ബൗളര്‍മാരില്‍ ഒന്നാമതുള്ളത്. ബുംറ മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യന്‍ താരവും.
ശുഭ്മാന്‍ ഗില്‍ താഴേക്ക്
ഇന്ത്യയുടെ യുവ നായകന്‍ ശുഭ്മാന്‍ ഗിലിന് ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ താഴേക്ക് ഇറങ്ങേണ്ടി വന്നു. 5 ടെസ്റ്റുകളില്‍ നിന്ന് 754 റണ്‍സ് നേടിയതോടെ അദ്ദേഹം 'പ്ലെയര്‍ ഓഫ് ദ സീരീസ്' ബഹുമതിക്ക് അര്‍ഹനായി. എന്നാല്‍ റാങ്കിംഗില്‍ നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട ഗില്‍ 13ാം സ്ഥാനത്താണിപ്പോള്‍. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റില്‍ ബാറ്റിംഗില്‍ തിളങ്ങാനാകാത്തതാണ് ഗില്ലിന് തിരിച്ചടിയായത്. അതേസമയം, ആദ്യ പത്ത് ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്‌വാള്‍, എട്ടാം സ്ഥാനത്തുള്ള വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവര്‍ മാത്രമാണ് ഇടംപിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |