മനുഷ്യജീവാപായത്തിന്റെ കാര്യത്തിലൊഴികെ, നാശങ്ങളുടെ കണക്കിൽ വയനാട് ഉരുൾ ദുരന്തത്തിന് സമാനമായ കാഴ്ചകളാണ് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിലുണ്ടായത്. അതും, വയനാട് ദുരന്തത്തിന് ഒരു വർഷം തികഞ്ഞതിനു തൊട്ടു പിന്നാലെ. ധരാലി എന്ന ഗ്രാമം ഉത്തരാഖണ്ഡിന്റെ ഭൂപടത്തിൽത്തന്നെ ഇല്ലാത്തവിധം പൂർണമായും മലവെള്ളമെടുത്തെങ്കിലും അഞ്ച് മരണമേ ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. പക്ഷേ, ഗ്രാമത്തെ മൂടിക്കളഞ്ഞ ചെളിയിലും മണ്ണിലും എത്ര പേരുടെ ജീവൻ മറഞ്ഞുകിടപ്പുണ്ടെന്ന് നിശ്ചയമില്ല. നൂറുകണക്കിനു പേരെ ധരാലിയിലും സമീപ മേഖലകളിൽ നിന്നുമായി കാണാതായിട്ടുണ്ട്. നൂറ്റമ്പതോളം പേരെ രക്ഷപ്പെടുത്താനായി എന്നതു മാത്രമാണ് ആശ്വാസം. അതിനിടെ, തീർത്ഥാടനത്തിനു പോയ മലയാളികളുടെ സംഘം സുരക്ഷിതരെന്ന് കൊച്ചിയിലെ വീട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അവർ അവിടെ കുടുങ്ങിക്കിടക്കുകയാണ്. പ്രധാന റോഡുകൾ പലതും ഒലിച്ചുപോയതും, മറ്റുള്ള പാതകളിൽ മണ്ണു മൂടിയതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
ഉത്തരാഖണ്ഡ് നമ്മുടെ അയൽ സംസ്ഥാനമല്ലെങ്കിലും, രാജ്യത്തെ ഏറ്റവും പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥിലേക്കും ബദരീനാഥിലേക്കുമൊക്കെയുള്ള പ്രവേശന കവാടമായ ഉത്തരകാശി, വിശ്വാസികളായ മലയാളികൾക്ക് സ്വന്തം നാടുപോലെ പരിചിതമാണ്. ധരാലി ഗ്രാമമാകട്ടെ, തീർത്ഥാടകരുടെ പ്രധാന ഇടത്താവളവുമാണ്. ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും ഉൾപ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങൾ ധരാലി കേന്ദ്രീകരിച്ചുണ്ടായിരുന്നു. അവയെല്ലാം കല്ലിന്മേൽ കല്ലു ശേഷിക്കാതെ മണ്ണിൽ പുതഞ്ഞുപോയിരിക്കുന്നു. ഗ്രാമത്തിനു സമീപമുണ്ടായിരുന്ന ഒരു സൈനിക ക്യാമ്പ് അപ്പാടെ ഒലിച്ചുപോയി. ക്യാമ്പിലുണ്ടായിരുന്ന കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിയായ ശ്രീകാന്ത് എന്ന സൈനികൻ സുരക്ഷിതനാണെന്ന് വീട്ടുകാർക്ക് സേനയുടെ ഔദ്യോഗിക സന്ദേശം ലഭിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മേഖലയിൽ നിന്ന് നൂറുകണക്കിനു പേരെ നേരത്തേതന്നെ മാറ്റിയിരുന്നതുകൊണ്ടാണ് മരണസംഖ്യ നിയന്ത്രിക്കാനായത്. എന്നാൽ, ആളുകളുടെ ജീവിതമാർഗവും സ്ഥാപനങ്ങളും ഉൾപ്പെടെ ഭൗതികമായുണ്ടായ നഷ്ടങ്ങൾ നികത്താൽ ഏറെക്കാലം വേണ്ടിവരുമെന്ന് തീർച്ചയാണ്.
രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെങ്കിലും അതിശക്തമായ മഴ ശമനമില്ലാതെ തുടരുന്നതും, ദേശീയപാത ഉൾപ്പെടെ പൂർണമായും തകർന്നതും ദുരന്തനിവാരണ സേന അടക്കമുള്ള ഏജൻസികൾക്ക് ധരാലി മേഖലയിലെത്താൻ പ്രതിബന്ധമായുണ്ട്. വയനാട്ടിലേതു പോലെ അവിടെയും ബെയ്ലി പാലം നിർമ്മിച്ച് രക്ഷാപ്രവർത്തകരെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പെട്ടെന്നുള്ള പെരുമഴയ്ക്കും മലവെള്ളപ്പാച്ചിലിനും ഇടയാക്കിയത് മേഘവിസ്ഫോടനമാണെന്നും, അതല്ല ധരാലിയുടെ വടക്ക് ഹിമാലൻ നിരകളിലുള്ള ഉറഞ്ഞ മഞ്ഞുതടാകങ്ങൾ പെട്ടെന്ന് പൊട്ടിയൊലിച്ചതാണെന്നും അഭിപ്രായഭിന്നതയുണ്ട്. ഉരുൾപൊട്ടലിന്റെ ഫലം തന്നെയാണ്, കുത്തനെയുള്ള മലനിരകളിലുള്ള മഞ്ഞുതടാകങ്ങൾ പൊട്ടുമ്പോഴും സംഭവിക്കുക. മഞ്ഞുറഞ്ഞ ഈ മേഖലയിൽ നിന്നാണ് ഖീർ ഗംഗ നദിയുടെ ഉദ്ഭവം. എന്തായാലും, മഴയും മഞ്ഞും ചേർന്ന് ഉത്തരകാശിയെന്ന തീർത്ഥാടന കേന്ദ്രത്തെ ഇപ്പോൾ ദുരന്ത ഭൂമിയാക്കിയിരിക്കുന്നു.
മിന്നൽ പ്രളയം കശക്കിയെറിഞ്ഞ ധരാലിയുടെ മണ്ണിനടിയിൽ എവിടെയെങ്കിലും മനുഷ്യ ജീവനുകളുടെ തുടിപ്പുണ്ടോ എന്നാണ് ആദ്യമറിയേണ്ടത്. രക്ഷാപ്രവർത്തകർക്ക് എത്രയുംവേഗം അവിടെ എത്തിച്ചേരാൻ കഴിയട്ടെ. മരണസംഖ്യ ഇനിയും ഉയരാതിരിക്കട്ടെ എന്നുകൂടി നമുക്ക് പ്രാർത്ഥിക്കാം. വയനാട് ഉരുൾദുരന്തം സംഭവിച്ചപ്പോൾ രാജ്യമെങ്ങും നിന്ന് അവിടേയ്ക്ക് സഹായ പ്രവാഹമുണ്ടായത് നമുക്ക് ഒരിക്കലും മറക്കാവുന്നതല്ല. ആ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും സഹായങ്ങളുടെയും കൈപിടിച്ചാണ് മുണ്ടക്കൈയും പുത്തുമലയുമൊക്കെ ജീവിതത്തിലേക്ക് തിരികെ കയറിവന്നുകൊണ്ടിരിക്കുന്നത്. ഉത്തരകാശിയിലെ ദുരന്തസ്ഥലത്തേക്കും രാജ്യമെമ്പാടും നിന്ന് സഹായമെത്തട്ടെ. അതിജീവനത്തിന്റെ പാഠങ്ങൾ നമുക്കിപ്പോൾ വശമാണല്ലോ. വയനാട്ടിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേരള സർക്കാർ, ഉത്തരാഖണ്ഡ് സർക്കാരിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നല്കണം. വയനാടിനായി കൈകൾ കോർത്ത നമുക്ക്, ഉത്തരകാശിയെന്ന മലയാളികളുടെ കൂടി തീർത്ഥാടന കേന്ദ്രത്തിന്റെ പുനർനിർമ്മിതിക്കും കൈത്താങ്ങാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |