കൊച്ചി: വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചുണ്ടാകുന്ന അപകടത്തിനു കാരണം ഡ്രൈവറുടെയും ഉടമയുടെയും അശ്രദ്ധയാണെന്നും അപകടത്തിന് ഇരയാകുന്നവർ നഷ്ടപരിഹാരത്തിന് അർഹരാണെന്നും ഹൈക്കോടതി. പൊലീസ് ജീപ്പിന്റെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശിനി എൽ. രാജേശ്വരിക്ക് 2.46 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്.
ടയർ ഊരിപ്പോയത് സാങ്കേതിക തകരാർ ആയിരുന്നെന്നും ഡ്രൈവർക്കോ വാഹനയുടമയ്‌ക്കോ വീഴ്ചയില്ലെന്നുമായിരുന്നു അപ്പീൽ നൽകിയ സംസ്ഥാന പൊലീസ് മേധാവിയുടെ വാദം.എന്നാൽ റോഡിൽ ഇറക്കുന്നതിന് മുമ്പ് വാഹനത്തിന്റെ അവസ്ഥ നോക്കി ഉറപ്പാക്കേണ്ട ബാദ്ധ്യത ഡ്രൈവർക്കും ഉടമയ്ക്കുമുണ്ടെന്ന് കോടതി പറഞ്ഞു. അപകടത്തിന് ശേഷം വാഹനം പരിശോധിച്ച എ.എം.വി.ഐയുടെ റിപ്പോർട്ടിൽ ടയറിന്റെ വീലിൽ നട്ടും ബോൾട്ടും ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നതെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നൽകാതെ സർക്കാർ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയതിനെയും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്. സർക്കാർ വാഹനങ്ങൾ മികച്ച നിലവാരത്തിൽ സൂക്ഷിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.
2010ൽ എറണാകുളം ഇടപ്പള്ളി ടോൾ ബസ് സ്റ്റോപ്പിൽ വച്ചാണ് പൊലീസ് ജീപ്പിന്റെ ടയർ ഊരിത്തെറിച്ച് 64 കാരിയായ വീട്ടമയ്‌ക്ക് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |