കോഴിക്കോട്: ഷവർമ തയ്യാറാക്കുന്നതിലെ കൃത്രിമങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ ഹോട്ടലുകളിൽ ഷവർമ നിർമ്മിക്കുന്നതെന്ന് കണ്ടെത്താനായി ജില്ലയിൽ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധനകൾ നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് ടൗൺ, കൊടുവള്ളി, കുന്ദമംഗലം, എലത്തൂർ, വടകര എന്നീ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫൈൻ അടയ്ക്കുന്നതിനുള്ള നോട്ടീസും നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിൽ 1300 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത്. 471 സാമ്പിൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ 48 ഭക്ഷ്യവസ്തുക്കൾ നിലവാരമില്ലെന്ന് കണ്ടെത്തി. ബിരിയാണി, ഇറച്ചി വിഭവങ്ങൾ, മന്തി എന്നിവയിലാണ് കൃത്രിമ നിറം ചേർത്തതായി കണ്ടെത്തിയത്. സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് നിയമനടപടികൾ ആരംഭിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |