തിരുവനന്തപുരം: വനഭൂമിയിൽ കുടിയേറി താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ വനം, റവന്യു വകുപ്പുകൾ നടത്തേണ്ട സംയുക്ത പരിശോധനയുടെ കാലാവധി ഡിസംബർ 30 വരെ നീട്ടി. ജൂലായ് 10ന് തുടങ്ങി 30 ദിവസത്തിനകം തീർക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്നാണിത്. 1977 ജനുവരി ഒന്നിന് മുമ്പ് താമസമാക്കിയ 59,600 കുടുംബങ്ങൾക്ക് കിട്ടേണ്ട പട്ടയം ഇതോടെ വീണ്ടും നീളും.
ബന്ധപ്പെട്ട ജീവനക്കാർക്ക് പരിശീലനംകൂടി നൽകേണ്ടി വന്നതോടെയാണ് പരിശോധന നീണ്ടത്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലെ 39 താലൂക്കുകളിലുള്ള കുടുംബങ്ങളുടെ പട്ടികയാണ് കളക്ടർമാർ സമർപ്പിച്ചത്. നേരത്തെ പലഘട്ടങ്ങളിലായി പരിശോധന നടന്നെങ്കിലും അശ്രദ്ധയോ അജ്ഞതയോ കാരണം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവരും മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തവരുമാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടത്.
പരമാവധി നാല് ഏക്കർ
സംയുക്ത പരിശോധനയിൽ കുടിയേറ്റം 1977 ജനുവരി ഒന്നിന് മുമ്പുള്ളതാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവകുപ്പുകളും സാക്ഷ്യപ്പെടുത്തണം
റിപ്പോർട്ടിൽ അതാത് താലൂക്കിലെ തഹസിൽദാർ, ബന്ധപ്പെട്ട വനം ഡിവിഷനിലെ ഡി.എഫ്.ഒ എന്നിവർ ഒപ്പുവയ്ക്കും. തുടർന്ന് ജില്ലാ കളക്ടർമാർ കേന്ദ്രാനുമതിക്കായി പരിവേഷ് പോർട്ടലിൽ അപേക്ഷ സമർപ്പിക്കും
കേന്ദ്രാനുമതി ലഭിച്ചാൽ 1993ലെ ചട്ടങ്ങൾപ്രകാരം കൃഷി, ഗൃഹനിർമ്മാണം, കടകൾ എന്നിവയ്ക്കായി പതിച്ചു നൽകാം. പരമാവധി ഒരു കുടുംബത്തിനു ലഭിക്കുക 4 ഏക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |