ചേർത്തല : ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതി പള്ളിപ്പുറം ചൊങ്ങുതറയിൽ വീട്ടിൽ സി.എം.സെബാസ്റ്റ്യൻ (68) ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് തുടരുന്നു. കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്ന മൊഴിയിൽ ഉറച്ചു നിൽക്കുന്നതിനാൽ കേസിൽ നിർണായക വഴിത്തിരിവാകുന്ന ഡി.എൻ.എ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ സെബാസ്റ്റ്യനെ ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.
അതിനിടെ, സെബാസ്റ്റ്യന്റെ മുൻ പെൺസുഹൃത്ത് ചേർത്തല ശാസ്താംകവല സ്വദേശിനി റോസമ്മയും സംശയ നിഴലിലാണ്. ഇന്നലെ അന്വേഷണ സംഘം തിരുവനന്തപുരം ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സെബാസ്റ്റ്യന്റെയും റോസമ്മയുടെയും വീടുകളിൽ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തി. സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽ നിന്ന് ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടേതെന്നു സംശയിക്കുന്ന വാച്ചിന്റെ കത്തിക്കരിഞ്ഞ ഡയൽ കണ്ടെത്തി. ഒരു ജോടി റബർ ചെരുപ്പിന്റെ ഭാഗങ്ങളും ലഭിച്ചു. ബിന്ദുപത്മനാഭൻ തിരോധാനം അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചാണ് പരിശോധന നടത്തിയത്.
ഭൂമിക്കടിയിൽ പത്തു മീറ്റർ വരെ ആഴത്തിലുള്ള അസ്വാഭാവിക സാമഗ്രികൾ കണ്ടെത്താൻ സഹായിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ, സെബാസ്റ്റ്യന്റെ വീടിന്റെ തെക്കു ഭാഗത്ത് ഒമ്പതിടങ്ങളിലും വടക്കു കിഴക്കു ഭാഗത്ത് മൂന്നിടത്തും സംശയകരമായ സിഗ്നൽ ലഭിച്ചു.
വൈകിട്ട് ചേർത്തല ശാസ്താംകവലയിലുള്ള റോസമ്മയുടെ വീട്ടുവളപ്പിലെ പഴയ കോഴിഫാമിലും പരിശോധന നടത്തി. കാണാതായ ഹയറുമ്മയുടെ (ഐഷ) അയൽവാസിയും കൂട്ടുകാരിയുമായിരുന്നു റോസമ്മ. 2013ൽ ഐഷയെ കാണാതാകുന്ന കാലത്ത് സെബാസ്റ്റ്യനുമായി റോസമ്മ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി.ഇവരുടെ വീട്ടിലെ ഷെഡിൽ റഡാറിൽ സിഗ്നൽ കിട്ടിയ ഭാഗങ്ങൾ പൊലീസ് നിയന്ത്രണത്തിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |