തിരുവനന്തപുരം: വന്യജീവികളുടെ ആവാസവ്യവസ്ഥ പുനരുജ്ജീവനത്തിനായി വനംവകുപ്പ് നടപ്പാക്കിയ 'വിത്തൂട്ട്" പദ്ധതിയിൽ ഇതുവരെ വനങ്ങളിൽ നിക്ഷേപിച്ചത് അഞ്ചു ലക്ഷത്തിലേറെ വിത്തുണ്ടകൾ. 15നകം നാലുലക്ഷംകൂടി നിക്ഷേപിക്കും. ഫലവൃക്ഷങ്ങളുടെയടക്കം വിത്തുകൾ മണ്ണും സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ധാതുലവണങ്ങൾ ഉൾപ്പെടെ ചേർത്തുള്ള മിശ്രിതത്തിൽ പൊതിഞ്ഞ്, വനത്തിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്.
മഴക്കാലമായതിനാൽ വിത്തുകൾ നശിക്കാതെ മുളയ്ക്കുമെന്നാണ് പ്രതീക്ഷ. ഫലവൃക്ഷങ്ങളും പുല്ലിനങ്ങളും വനത്തിൽ ലഭ്യമാക്കിയാൽ വന്യജീവികൾ കാടിറങ്ങില്ല. ഇതിനായാണ് 'വിത്തൂട്ട്" പദ്ധതി ആവിഷ്കരിച്ചത്. 13 ജില്ലകളിലെ 36 ഫോറസ്റ്റ് ഡിവിഷനുകളിലായി തിരഞ്ഞെടുത്ത 2,350 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്. ജൂലായ് 15ന് തുടങ്ങിയ പദ്ധതി ഈ മാസം പൂർത്തിയാക്കും. വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, ജനപ്രതിനിധികൾ എന്നിവരുടെ ഉൾപ്പെടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
എൺപതോളം ഫലവൃക്ഷങ്ങളുടേയും എട്ടോളം പുല്ലിനങ്ങളുടേയും വിത്തുകളാണ് വിത്തുണ്ട തയ്യാറാക്കാൻ തിരഞ്ഞെടുത്തത്. ഒരേ ഇനത്തിൽപ്പെട്ട ആറോ ഏഴോ വിത്തുകളാണ് ഓരോ വിത്തുണ്ടയിലും ഉൾപ്പെടുത്തുക.
ഇതുവരെ നിക്ഷേപിച്ചത്
സതേൺ സർക്കിൾ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട).................... 19,213
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിൾ...........................................16,902
കോട്ടയം വൈൽഡ് ലൈഫ് സർക്കിൾ................................................................31,255
കോട്ടയം ഹൈറേഞ്ച് സർക്കിൾ..........................................................................18,800
പാലക്കാട് വൈൽഡ് ലൈഫ് സർക്കിൾ............................................................. 2,34,082
ഈസ്റ്റേൺ സർക്കിൾ, പാലക്കാട്..........................................................................94,198
സെൻട്രൽ സർക്കിൾ, തൃശൂർ..............................................................................20,337
നോർത്തേൺ സർക്കിൾ, കണ്ണൂർ........................................................................ 71,700
ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രവും സ്വഭാവവും പരിഗണിച്ചാണ് വിത്തുകൾ തിരഞ്ഞെടുത്തത്.
-പ്രമോദ് ജി.കൃഷ്ണൻ,
ചീഫ് വൈൽഡ് ലൈഫ് വാർഡൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |