ആലപ്പുഴ: ചേർത്തലയിലെ ബിന്ദുപത്മനാഭന്റെ തിരോധനവുമായി ബന്ധപ്പെട്ട് ഡി.എൻ.എ പരിശോധനയ്ക്കായി സഹോദരൻ പ്രവീണിന്റെ രക്തസാമ്പിളുകൾ ശേഖരിച്ചു. പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽനിന്ന് കണ്ടെത്തിയ അസ്ഥികൾ ആരുടേതാണെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ ശേഖരിച്ചത്. ഇറ്റലിയിലായിരുന്ന സഹോദനെ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രത്യേകസംഘം മണിക്കൂറുകൾ സമയമെടുത്ത് പ്രവീണിന്റെ മൊഴി രേഖപ്പെടുത്തി.
2017ലാണ് ബിന്ദുവിനെ കാണാനില്ലെന്ന് പ്രവീൺ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയത്. ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയൂം കോടികളുടെ സ്വത്തിന് ഉടമയുമായ ബിന്ദു പത്മനാഭനും സെബാസ്റ്റ്യനും തമ്മിലുള്ള ഇടപാടിൽ വസ്തുക്കൾ നഷ്ടമായ സാഹചര്യത്തിൽ എട്ട് പേജുള്ള വിശദ പരാതിയാണ് അന്ന് നൽകിയത്. ബിന്ദുവിന്റെ സ്വത്തുക്കൾ ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. അന്ന് കേസ് അന്വേഷിച്ച ലോക്കൽപൊലീസ് എഫ്.ഐ.ആർ ഇടുന്നതടക്കമുള്ള കാര്യങ്ങളിൽ വീഴ്ചവരുത്തിയതോടെയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി സി.എം.സെബാസ്റ്റ്യന്റെപങ്ക് തെളിയായിരുന്നത്. കാണാതായ ബിന്ദുവിനെ സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടതായി ബന്ധുവും അന്ന് മൊഴി നൽകിയിരുന്നു. ബിന്ദുവിന്റെ സ്വത്തുക്കൾ ഈടായി നൽകിയതിന് പുറമെ പട്ടണക്കാട്, ചേർത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് റജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത കോടിക്കണക്കിനു രൂപ വിലയുള്ള വസ്തുക്കൾ പലർക്കായി വിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു.
സെബാസ്റ്റ്യൻ പറയുന്നത് പച്ചക്കളളം; പ്രവീൺ
ബിന്ദുപത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യൻ തുടക്കംമുതൽ പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രവീൺ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ൽ പൊലീസിൽ പരാതി കൊടുക്കുന്നതിന് മുമ്പും ശേഷവും സെബാസ്റ്റ്യനെ കണ്ടിരുന്നു. തുടക്കം മുതൽ സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ട്. ബിന്ദുമായുള്ള വസ്തു ഇടപാട് ചോദിച്ചറിയാൻ സെബാസ്റ്റ്യനെ പലതവണകാണാൻശ്രമിച്ചു. സമയം തരാൻ തന്നെ നാലുമാസം എടുത്തു. സെബാസ്റ്റ്യനെ കാണാൻ ചെന്നപ്പോൾ പറഞ്ഞത് മുഴുവൻ പച്ചകള്ളമാണ്. മനോജ് എന്നയാളെ പുറത്ത് നിർത്തിയിരുന്നു. ചേർത്തയിലെ സ്വകാര്യബാങ്കിൽ ബിന്ദു 50ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് അടുത്തദിവസംപോയി എടുക്കാമെന്നും സെബാസ്റ്റ്യൻ പറഞ്ഞു. പിന്നീട് നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ബാങ്കിൽ പണമില്ലെന്ന് ബോദ്ധ്യപ്പെട്ടു. ബിന്ദുവിനെ കാണാതായെന്ന പരാതി മാത്രമല്ല പൊലീസിൽ നൽകിയത്. ആഭ്യന്തരവകുപ്പിന് നൽകിയ എട്ട് പേജുള്ള വിശദമായ പരാതിയിൽ സെബാസ്റ്റ്യനുമായുള്ള വസ്തു ഇടപാടടക്കം ചൂണ്ടിക്കാണിച്ചിരുന്നു. 1999ലാണ് ഇറ്റലിയിലേക്ക് പോയത്. പിന്നീടൊരിക്കലും ബിന്ദുവിനെ കണ്ടിട്ടില്ല. ഹൈറേഞ്ചിലെ വീടുപണിയുമായി ബന്ധപ്പെട്ട് 2016ലാണ് നാട്ടിലെത്തിയത്. അക്കാലത്ത് അമ്പലപ്പുഴയിലെ അമ്മാവൻ പറഞ്ഞാണ് ബിന്ദുവിനെ കാണാതായ വിവരം അറിഞ്ഞതെന്നും പ്രവീൺ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |