ആലപ്പുഴ : രസീത് നേരിട്ട് ഹാജരാക്കിയില്ലെന്ന കാരണത്താൽ ബംഗളൂരുവിൽ നിന്നെത്തിയ ദമ്പതികൾക്ക് പാൽപ്പായസം നൽകാൻ തയ്യാറാകാതെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ. ദീർഘനേരത്തെ തർക്കത്തിനൊടുവിൽ യഥാർത്ഥ രസീത് വൈകുന്നേരത്തിനുള്ളിൽ ഹാജരാക്കാമെന്ന ഭക്തയുടെ ഉറപ്പിൽ പായസം കൈമാറി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബംഗളൂരവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ 31ന് അമ്പലപ്പുഴയിലെ പരിചയക്കാർ വഴി രണ്ട് ലിറ്റർ പായസത്തിന് രണ്ട് രസീത് എഴുതിച്ചിരുന്നു. രസീതുകൾ വാട്സാപ്പ് വഴി ദമ്പതികൾക്ക് ലഭിക്കുകയും ചെയ്തു. ഇന്നലെ ക്യൂ നിന്ന് പായസം വാങ്ങാനെത്തിയപ്പോഴാണ് വാട്സാപ്പിലെ ഫോട്ടോ അംഗീകരിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞത്. ദമ്പതികൾ രസീതെഴുതിയ യുവതിയെ കാര്യം അറിയിച്ചതോടെ അവർ അമ്പലപ്പുഴയിലെ ജോലിസ്ഥാപനത്തിൽ നിന്ന് ക്ഷേത്രത്തിലെത്തിയെങ്കിലും രസീത് ആലപ്പുഴയിലായിരുന്നു. വൈകുന്നേരത്തിനുള്ളിൽ എത്തിക്കാമെന്ന് യുവതി ഉറപ്പ് നൽകിയതോടെയാണ് ജീവനക്കാർ പായസം കൈമാറിയത്.
തങ്ങളെ അപമാനിക്കുന്ന രീതിയിൽ ജീവനക്കാർ പെരുമാറിയത് മാനസികപ്രയാസമുണ്ടൊക്കിയെന്ന് ദമ്പതികൾ പറഞ്ഞു. വഴിപാടുകൾക്ക് ഒറിജിനൽ രസീത് നിർബന്ധമാണെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |