നടനും കൊമേഡിയനുമായ കപിൽ ശർമ്മയുടെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള കപിൽ കപ്സ് കഫേയിൽ വീണ്ടും വെടിവയ്പ്പ്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശർമ്മയുടെ കാപ്‌സ് കഫേ ലക്ഷ്യമിട്ട് ഗുണ്ടാസംഘം 25 തവണ വെടിയുതിർത്തത്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഗോൾഡി ധില്ലൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആദ്യ ആക്രമണത്തിന് ആഴ്ചകൾക്കുശേഷം വ്യാഴാഴ്ച പുലർച്ചെയാണ് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്.
കഫേയിൽ കുറഞ്ഞത് 25 വെടിയൊച്ചകളെങ്കിലും കേൾക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. കഫേയിൽ വെടിയുണ്ടകൾ പതിച്ചതിന്റെ നിരവധി ദ്വാരങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനാലകൾ തകരുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജീവനക്കാർ അകത്ത് ആയതിനാൽ ആർക്കും പരിക്കുകളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കപിൽ ശർമ്മയുടെയും ഭാര്യ ഗിന്നി ചത്രത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് കാപ്‌സ് കഫേ.
ഇത് രണ്ടാം തവണയാണ് സ്ഥാപനം ആക്രമിക്കപ്പെടുന്നത്. ആദ്യത്തേ ആക്രമണം നടന്നത് ജൂലായ് 10ന്ആയിരുന്നു. ഉദ്ഘാടനം ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആദ്യ ആക്രമണം ഉണ്ടായത്. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാസംഘം ഗോൾഡി ധില്ലൺ സമൂഹമദ്ധ്യമങ്ങളിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം അറിയിച്ചത്.
'സറേയിലെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നു, പക്ഷേ ഫോൺ ബെൽ കേട്ടില്ലെന്നു തോന്നുന്നു. അതിനാൽ ഉടനെ നടപടി സ്വീകരിക്കേണ്ടി വന്നു. ഇനിയും വിളിച്ചിട്ട് അദ്ദേഹം ഫോൺ എടുത്തില്ലെങ്കിൽ അടുത്ത വെടിവയ്പ്പ് മുംബയിലായിരിക്കും'. ഗോൾഡി ധില്ലൺ കുറിച്ചു.
മുംബയ് പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഷോയുടെ ഉദ്ഘാടനത്തിനായി കപിൽ സൽമാൻ ഖാനെ ക്ഷണിച്ചതാണ് ബിഷ്‌ണോയി സംഘം കഫേ ലക്ഷ്യം വച്ച് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോറൻസ് ബിഷ്‍ണോയി സംഘത്തിലുള്ള ഒരാളുടെ ഓഡിയോ സന്ദേശത്തിൽ നിന്നാണ് ഇക്കാര്യം പുറത്തായത്. ഉദ്ഘാടന ചടങ്ങിലേക്ക് കപിൽ ശർമ്മ സൽമാനേയും ക്ഷണിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കഫേ ആക്രമിച്ചതിന് പിന്നിലെന്നാണ് പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാകുന്നത്. ബിഷ്‍ണോയി സംഘത്തിലുള്ള ഹാരി ബോക്സർ എന്നയാളുടെ ഓഡിയോ സന്ദേശമാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ടത്.
ജൂൺ 21ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യുടെ സീസൺ മൂന്നിന്റെ ആദ്യ എപ്പിസോഡിൽ സൽമാൻ ഖാൻ പ്രത്യക്ഷപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജൂലായ് 10ന് കുറഞ്ഞത് ഒമ്പത് വെടിവയ്പ്പുകളെങ്കിലും ഉണ്ടായി. നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (BKI) ബന്ധമുള്ള ലഡ്ഡി സംഘമാണ് ആദ്യ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ത്യയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള പിടികിട്ടാപ്പുള്ളിയാണ് ഹർജിത് സിംഗ് ലാഡി.
ഹാസ്യനടന്റെ ഷോയ്ക്കിടെ താരം നടത്തിയ പ്രസ്താവന കുറ്റകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആദ്യത്തെ വെടിവയ്പ്പ് ആസൂത്രണം ചെയ്തതത്. ഷോയിൽ പങ്കെടുത്ത നിഹാങ് സിഖുകാരുടെ പരമ്പരാഗത വസ്ത്രധാരണത്തെയും പെരുമാറ്റത്തെയും കുറിച്ച് നിരവധി "നർമ്മ" പ്രസ്താവനകൾ നടത്തിയെന്നും ഇത് മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ ആക്രമണം നടത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ തന്റെ കടയിൽ വെടിയേറ്റ് കൊല്ലപ്പെട്ട വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് വികാസ് പ്രഭാകർ എന്ന വികാസ് ബഗ്ഗയുടെ കൊലപാതകത്തിലും ദേശീയ അന്വേഷണ ഏജൻസി ഹർജിത് സിംഗ് ലാഡിയെ അന്വേഷിക്കുന്നുണ്ട്.
തന്റെ കഫേയിൽ നടന്ന വെടിവയ്പ്പുകളെക്കുറിച്ച് കപിൽ ശർമ്മ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. എന്നാൽ താരവും ഭാര്യയും ചേർന്ന് സറെ മേയർ ബ്രെൻഡ ലോക്കിനും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്കും ആതിഥേയത്വം വഹിക്കുന്ന കഫേയുടെ പുതിയൊരു വീഡിയോ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
ഉദ്യോഗസ്ഥർ കഫേ സന്ദർശിക്കുന്നതും ഭക്ഷണം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ അക്രമത്തിനെതിരായ ശർമ്മയുടെ വാക്കുകളാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യമായി കഫേ ആക്രമിക്കപ്പെട്ടതിനുശേഷം സ്ഥാപനം വീണ്ടും തുറക്കാൻ ഒരു ആഴ്ചയിലധികം സമയം എടുത്തുവെന്നും കാപ്സ് കഫേ ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ വീണ്ടും പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“കാപ്സ് കഫേ. നാളെ വീണ്ടും തുറക്കുന്നു. ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു, നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഹൃദയംഗമമായ നന്ദിയോടെ വീണ്ടും വാതിലുകൾ തുറക്കുന്നു. സ്നേഹത്തോടെയും ആശ്വാസത്തോടെയും കരുതലോടെയും നിങ്ങളെ തിരികെ സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. വീണ്ടും കാണാം, രാവിലെ എട്ടു മുതൽ രാത്രി പത്ത് വരെ.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |