കൊച്ചി: തിരുവനന്തപുരം വിമാനത്താവളംവഴി സ്വർണക്കള്ളക്കടത്തിന് സഹായംനൽകിയ കസ്റ്റംസ് ഇൻസ്പെക്ടർ കെ.എ. അനീഷ് മുഹമ്മദിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടേതാണ് ഉത്തരവ്. 2023 ജൂൺ നാലിന് അബുദാബിയിൽ നിന്നെത്തിച്ച 4.8 കിലോ സ്വർണം കടത്താൻ ഒത്താശചെയ്ത കേസിലാണ് നടപടി.
ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) കലൂർ സ്വദേശി അനീഷിനെയും മറ്റൊരു ഇൻസ്പെക്ടറായ ആലപ്പുഴ സ്വദേശി എസ്. നിധിനെയും അറസ്റ്റുചെയ്തത്. 80 കിലോയോളം സ്വർണം ഇവർ കടത്താൻ സഹായിച്ചെന്നാണ് കരുതുന്നത്. ഒരു കസ്റ്റംസ് ഇൻസ്പെക്ടറുടെ ഫോൺചോർത്തിയാണ് ഡി.ആർ.ഐ ഇവർക്ക് കെണിയൊരുക്കിയത്. അബുദാബിയിൽ നിന്നെത്തിയ അനിൽകുമാർ അപ്പുക്കുട്ടൻ പിള്ള, സുനീർ അബ്ദുൾ വാഹിദ് എന്നിവരും പിടിയിലായി.
അനീഷിനും നിധിനുമെതിരായ സഹപ്രവർത്തകരുടെ പരാതി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർക്ക് കൈമാറിയശേഷം ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിലെ ജോലിയിൽനിന്ന് മാറ്റി. ശക്തമായ തെളിവുകൾ ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |