പെരിന്തൽമണ്ണ: സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് പെരിന്തൽമണ്ണ താഴേക്കോട് സ്വദേശിനിയായ ഖദീജ.
സംസ്ഥാനത്ത് തന്നെ മികച്ച കർഷകയും സംരഭകയുമായി മാറിയ ഖദീജ ജൈവ രീതിയിലാണ് കൃഷി വിജയിപ്പിക്കുന്നത്. മൂല്യ വർധിത ഉത്പന്നങ്ങൾ നിർമിച്ച് നൽകിയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ജൈവ കൃഷി ആയതിനാൽ ഇവരുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെ. കൊടികുത്തിമലയുടെ താഴ്വരയിലെ' തുവ ഫാം '. തോട്ടത്തിൽ 18 ഏക്കറിലാണ് കൃഷി. മൂന്ന് ഏക്കർ സ്ഥലത്ത് കവുങ്ങും, 3.5 ഏക്കർ സ്ഥലത്ത് മാവും പ്ലാവും, ഒരുഏക്കർ സ്ഥലത്ത് കശുമാവും വാഴയും, മറ്റു പല വൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. 10 സെന്റിൽ ഇഞ്ചി, മഞ്ഞൾ എന്നിവയും, 100 സ്‌ക്വയർ മീറ്റർ മഴമറയിൽ പച്ചക്കറികളും, 300 ഓളം ഓർക്കിഡുകളും ഉണ്ട്. കൃഷിഭൂമിയുടെ അതിരുകളിലായി തീറ്റപ്പുൽ കൃഷിയും ഇവർ ചെയ്യുന്നു. ഇതോടൊപ്പം മീൻ, കോഴി, ആട്, പശു, തേനീച്ച എന്നിവയുമുണ്ട്.
2018 ലെ പ്രളയത്തിൽ ഖദീജയുടെ കൃഷിയിടത്തിന് ഏറെ നാശം സംഭവിച്ചു. നഷ്ടപരിഹാരത്തിന് അപേക്ഷിച്ച ഖദീജയ്ക്ക് അതുകൂടാതെ കൃഷി വകുപ്പ് സമ്മിശ്ര കൃഷിക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകി.
പാലിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്നുണ്ട്. വാഴയിൽ നിന്ന് ബനാനടോഫി, ചിപ്സ് പൗഡർ, കുന്നൻ കായപ്പൊടി, തേങ്ങയിൽ നിന്നും വെർജിൻ ഓയിൽ, വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, ചക്കയിൽ നിന്നും ചിപ്സ്, ചക്ക പൗഡർ, തേനിൽ നിന്നും തേൻ കാന്താരി, തേൻ വെളുത്തുള്ളി, തേൻ ഇഞ്ചി, ലിപ് ബാം, പെയിൻബാം, സ്‌കിൻ ക്രീം, പാലിൽ നിന്ന് നെയ്യ്, ബട്ടർ, മോര്, തൈര് എന്നിവ ഉത്പാദിപ്പിക്കുന്നു. തേനീച്ച വളർത്തലിൽ കൃഷി വകുപ്പിന് വേണ്ടി പരിശീലനം നൽകുന്ന ട്രെയ്നർ കൂടിയാണ് ഇവർ. കൃഷിയുടെ പാഠങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ ഫാം സ്‌കൂൾ, കൃഷി രീതി മനസ്സിലാക്കാൻ ഫാം വിസിറ്റ്, ഫാം ടൂറിസം തുടങ്ങാനുള്ള പദ്ധതിയിലാണ് ഖദീജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |