തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി ചെയ്തുള്ള കരട് ഓർഡിനൻസ് സർക്കാർ ഇന്നലെ രാജ്ഭവനിൽ എത്തിച്ചു. പ്രത്യേക ദൂതൻ വഴിയാണ് കൈമാറിയത്. അഞ്ചംഗങ്ങളുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയില്ല.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ ചെയ്യുന്ന ഐ.ടി വിദഗ്ദ്ധൻ, സയൻസ് ആൻഡ് ടെക്നോളജി വിദഗ്ദ്ധൻ, യു.ജി.സി പ്രതിനിധി, സർവകലാശാലാ ബോർഡ് ഒഫ് ഗവേണേഴ്സ് പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധൻ എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. അഞ്ചംഗ സെർച്ച്കമ്മിറ്റിക്ക് ഒറ്റപ്പേര് ഗവർണർക്ക് നൽകാം. അല്ലെങ്കിൽ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഭൂരിപക്ഷം അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിയായി ഗവർണർക്ക് നിയമിക്കാം.
വി.സി നിയമന പരമാവധി പ്രായം70 ആക്കി. വി.സിയുടെ ഒഴിവുണ്ടാകുന്നതിന് മൂന്നു മാസം മുൻപേ സർക്കാരിന് വിജ്ഞാപനമിറക്കാം. സെർച്ച് കമ്മിറ്റി രണ്ടുമാസത്തിനകം ശുപാർശ നൽകണമെന്നും കരട് ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. ഈ ഭേദഗതി നടപ്പായാൽ നാല് അംഗങ്ങളുടെ പിന്തുണ സർക്കാരിന് ലഭിക്കും.
സെർച്ച് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധി പാടില്ലെന്നും ഒറ്റപ്പേര് നൽകരുതെന്നും സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന ഡോ.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിലുണ്ടായിരുന്നു. ഇതിന് വിരുദ്ധമാണ് ഓർഡിനൻസിലെ വ്യവസ്ഥ. ഓർഡിനൻസിന്മേൽ ഗവർണർ നിയമോപദേശം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |