കൊച്ചി: മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വാക്കുമാറിയത് സംസ്ഥാന സർക്കാരാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ കരാർ ലംഘനമുണ്ടായത് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്നാണ് എഎഫ്എയുടെ മാർക്കറ്റിംഗ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിച്ചത്. ഒരു മാദ്ധ്യമപ്രവർത്തകൻ അദ്ദേഹവുമായി സ്‌പാനിഷ് ഭാഷയിൽ ആശയവിനിമയം നടത്തിയതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.
എഎഫ്എ കേരളത്തിലെ സ്‌പോൺസറിൽ നിന്ന് 130 കോടി രൂപ വാങ്ങിയിട്ടും കേരളം സന്ദർശിക്കുന്നതിൽ നിന്നും പിൻമാറിയ അർജന്റീന ടീം കരാർ ലംഘനമല്ലേ കാണിച്ചതെന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. അങ്ങനെയല്ലയെന്നായിരുന്നു ലിയാൻഡ്രോ പീറ്റേഴ്സന്റെ പ്രതികരണം. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നാണ് പീറ്റേഴ്സണ്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പീറ്റേഴ്സണ്‍ മറുപടി നല്‍കിയില്ലെന്നാണ് വിവരം.
കരാര്‍ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അര്‍ജന്റീന ടീമോ മെസിയോ ഇന്ത്യയില്‍ എവിടെ കളിക്കണമെങ്കിലും ഇനി തങ്ങളുടെ അനുമതിയോടെ മാത്രമേ കഴിയൂവെന്നും കരാറുണ്ടാക്കിയത് തങ്ങളുമായാണെന്നും സ്‌പോൺസർ പറഞ്ഞിരുന്നു.
അതേസമയം എഎഫ്എയുടെ പ്രതികരണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഇത് സർക്കാർ തളളിമറിച്ചുണ്ടായ അപകടമാണ്. മെസി കേരളത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഫുട്‌ബോൾ പ്രേമികളെ രാഷ്ട്രീയപരമായി സർക്കാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |