തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയിൽ മയക്കുവെടിവച്ച പുലി ചത്തു. ഇന്നലെയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. അതിന്റെ വയറ്റിൽ കമ്പികൊണ്ടുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നെന്നും ഇതാണ് മരണകാരണമെന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
കാരിക്കുഴി തടത്തരികത്ത് വീട്ടിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള റബർത്തോട്ടത്തിൽ, മകനും ടാപ്പിംഗ് തൊഴിലാളിയുമായ ഷൈജുവാണ് ആദ്യം പുലിയെ കണ്ടത്. ഇന്നലെ രാവിലെ റബർ ടാപ്പിംഗിനായി എത്തിയപ്പോഴാണ് ഷൈജു പുലിയെ കണ്ടത്. പാറയിടുക്കിലെ ചെറിയ കുഴിയിൽ കുരുക്കിൽവീണ് കിടക്കുകയായിരുന്നു. ഷൈജുവിനെയും ഒപ്പമുണ്ടായിരുന്ന സുരേഷിനെയും കണ്ടതോടെ, പുലി ആക്രമിക്കാൻ ശ്രമിച്ചു. പേടിച്ച് ഓടുന്നതിനിടയിൽ സുരേഷിന് വീണ് പരിക്കേറ്റിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർഡാം പൊലീസും സ്ഥലത്തെത്തി. സോളാർ വേലി സ്ഥാപിക്കുന്നതിനായി കെട്ടിയിരുന്ന കമ്പിയിലും മരക്കുറ്റിയിലുമാണ് പുലി കുരുങ്ങിക്കിടന്നിരുന്നത്. വനംവകുപ്പ് ദ്രുതകർമ്മ സേനയും മയക്കുവെടി വിദഗ്ദ്ധരും ചേർന്ന്,മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മയക്കുവെടിവച്ച് പുലിയെ പിടികൂടിയത്. മൂന്നുതവണ വെടിവച്ചു. പിന്നീട് കൂട്ടിലാക്കിയ പുലിയെ നെയ്യാർഡാം വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു.
ഇന്നലെത്തന്നെ അവശനിലയിലായിരുന്നു പുലി. തുടർ ചികിത്സയുടെ ഭാഗമായി ഇന്ന് രാവിലെ ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പുലി ചത്തെന്ന് മനസിലായത്. തുടർന്ന് പോസ്റ്റുമോർട്ടവും നടത്തി. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്. വനമേഖലയിലാണ് കെട്ടുകമ്പി ഉപയോഗിച്ചുള്ള കുരുക്ക് വച്ചിരുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുലിയുടെ വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇതിന് രണ്ട് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |