അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ അത്യാഹിത വിഭാഗമില്ലാത്തത് പക്ഷാഘാതവും ഹൃദ്രോഗവും ബാധിച്ചെത്തുന്നവർക്ക് അടിയന്തരമായി വിദഗ്ദ്ധചികിത്സ നൽകുന്നതിന് തടസമാകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ, സർജറി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടാമെങ്കിലും രാത്രികാലങ്ങളിലടക്കം ഇവിടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതും തിരിച്ചടിയാണ്.
ഹൗസ് സർജന്മാരാണ് പലപ്പോഴും ചികിത്സ നിശ്ചയിക്കുന്നത്. അത്യാസന്ന രോഗിയുടെ സ്കാനിംഗ്, എക്സ് റേ, ഇ.സി.ജി പരിശോധനാഫലങ്ങൾ സീനിയർ ഡോക്ടർമാർക്ക് ഹൗസ് സർജന്മാർ വാട്ട്സപ്പിൽ അയച്ചുകൊടുക്കാറാണ് ചെയ്യുന്നതെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. ഈ സന്ദേശം നോക്കി മരുന്ന് നിർദ്ദേശിക്കുകയാണ് സീനിയർ ഡോക്ടർമാർ ചെയ്യുന്നത്. ഇവിടെയുണ്ടാകുന്ന കാലതാമസം ചികിത്സയെ സാരമായി ബാധിക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ ന്യൂറോ, ഹൃദ് രോഗ അത്യാഹിത വിഭാഗങ്ങൾ തുടങ്ങിയാൽ അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് ഉടൻ വിദഗ്ദ്ധ ചികിത്സ നൽകാനാകും. വാർഡുകളിലേയും ഐ.സി.യുകളിലേയും കിടക്കകളുടെ എണ്ണം കൂടി വർദ്ധിപ്പിച്ചാൽ അന്യജില്ലകളിലേക്ക് പോകാതെ ഇവിടെ തന്നെ വിദഗ്ധ ചികിത്സ നൽകാകുമെന്നാണ് നാട്ടുകാരും രോഗികളും ഒരേപോലെ പറയുന്നത്.
1.അത്യാസന്ന നിലയിലുള്ള രോഗിയെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചാലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കിടക്കകളും തീവ്രപരിചരണ വിഭാഗത്തിൽ ഒഴിവുകളും ഇല്ലെന്ന പതിവുപല്ലവിയാണ് ജീവനക്കാർ നൽകുന്നത്
2. ഇതു കേൾക്കുമ്പോൾ അല്പമെങ്കിലും ധനശേഷിയുള്ളവർ എറണാകുളം, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി രോഗികളെ കൊണ്ടുപോകും
3.മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി മണിക്കൂറുകൾ കിടന്ന ശേഷം ഭാഗ്യമുണ്ടെങ്കിൽ മാത്രമെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് രോഗികളെ മാറ്റുകയുള്ളൂ
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ബെഡുകൾ
ന്യൂറോ മെഡിസിൻ വാർഡിൽ 22
ഐ.സി.യുവിൽ 6
ന്യൂറോ സർജറി വാർഡിൽ 20
ഐ.സി.യു.വിൽ 8
വാർഡുകളിലേയും ഐ.സി.യുവിലേയും കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗം തുടങ്ങണമെന്നും കാണിച്ച് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയതാണ്. അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തേണ്ടി വരും
- നിസാർ വെള്ളാപ്പള്ളി , പൊതു പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |