കോട്ടയം: മദ്യവിൽപന ഓൺലൈനിലാക്കാൻ ബിവറേജസ് കോർപറേഷന്റെ ശുപാർശ. ഇതിനാവശ്യമായ മൊബൈൽ ആപ്പ് നിർമിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മദ്യം ഡെലിവറി ചെയ്യാൻ സ്വിഗ്ഗി താത്പര്യം അറിയിച്ചിട്ടുണ്ട്.
ഓൺലൈൻ വഴി ഇരുപത്തിമൂന്ന് വയസ് പൂർത്തിയായവർക്ക് മാത്രം മദ്യം നൽകാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വയസ് എത്രയെന്ന് ഉറപ്പിക്കും. മൂന്ന് ലിറ്റർ വരെ ഒരു സമയം ഓർഡർ ചെയ്യാനാകും.
മദ്യ വിതരണത്തിന്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനികൾക്കായിരിക്കും. കൂടുതൽ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കാനാണ് തീരുമാനമെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. കഴിഞ്ഞ മൂന്നുവർഷമായി സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ശുപാർശ നൽകുന്നുണ്ട്. അനുകൂലമായ തീരുമാനമുണ്ടായാൽ ഉടൻ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് നിലവിൽ ഓൺലൈൻ മദ്യവിൽപന പരിഗണനയിലില്ലെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വരുമാനം വർദ്ധിപ്പിക്കാൻ പല വഴികൾ ആലോചിക്കേണ്ടിവരും. എന്നാൽ ഇപ്പോൾ ഓൺലൈൻ മദ്യവിൽപനയെക്കുറിച്ച് ചിന്തിക്കുന്നില്ല. മദ്യ വിൽപനയുടെ കാര്യത്തിൽ സംസ്ഥാനത്ത് ഇപ്പോഴും യാഥാസ്ഥിതിക മനോഭാവം നിലനിൽക്കുന്നുണ്ട്. ഡിസ്റ്റിലറിയുടെ കാര്യം തന്നെ ഉദാഹരണമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസ്റ്റിലറി അനുവദിച്ചവർ തന്നെ ഇവിടെ എതിർത്തു. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |