കിഴക്കമ്പലം: ട്വന്റി20 പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകൾ അഴിമതി മുക്തമായതോടെ കരുതൽ ധനമായ കോടികൾ ജനോപകാരപ്രദമായി വിനിയോഗിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കുന്നത്തുനാട് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നത്തുനാടിന്റെ വികസനം തടയുന്ന എകശക്തി ഭരണകക്ഷി എം.എൽ.എയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി ഭരണം കൈയാളുന്ന കിഴക്കമ്പലത്ത് 32 കോടിയും ഐക്കരനാട്ടിൽ 14 കോടിയും കേവല ഭൂരിപക്ഷം മാത്രമുളള കുന്നത്തുനാട് പഞ്ചായത്തിൽ ഒരു കോടി 14 ലക്ഷം രൂപയും നീക്കിയിരിപ്പുണ്ട്. അഴിമതി രഹിതമായി മുഴുവൻ വികസന പ്രവർത്തനവും നടത്തിയതിനുശേഷമാണ് ഇത്രയും തുക നീക്കിയിരിപ്പുണ്ടായത്. ജനങ്ങളുടെ പണം ജനങ്ങൾക്ക് മടക്കിനൽകുന്നതിന്റെ ഭാഗമായി വൈദ്യുതിക്കും പാചക വാതകത്തിനും സബ്‌സിഡി നൽകുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു.
കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ഡേവിസ്, പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ് , ജില്ലാ കോ ഓർഡിനേറ്റർ പി.വൈ. അബ്രഹാം, നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം, സെക്രട്ടറി ജിന്റോ ജോർജ്, സജി ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |