ഭുവനേശ്വർ : ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് ഇന്റർ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ പുരുഷ ലോംഗ്ജമ്പിൽ സ്വർണം നേടി മലയാളി താരം എം. ശ്രീശങ്കർ. 8.13 മീറ്ററാണ് ഇന്നലെ ശ്രീശങ്കർ നേടിയത്. തന്റെ ആറാമത്തേയും അവസാനത്തേയും ശ്രമത്തിലാണ് ശ്രീശങ്കർ ഈ ദൂരത്തിലെത്തിയത്. ആദ്യ ശ്രമം ഫൗളായിരുന്ന ശ്രീശങ്കർ രണ്ടാമത്തെ ശ്രമത്തിൽ 7.92 മീറ്ററും മൂന്നാം ശ്രമത്തിൽ 7.95മീറ്ററും താണ്ടി. നാലാം ശ്രമത്തിൽ 7.93 മീറ്ററായിരുന്നു കണ്ടെത്തിയത്. അഞ്ചാം ശ്രമം ഫൗളായി. അവസാനശ്രമത്തിൽ സ്വർണദൂരം പിറന്നു.8.04 മീറ്റർ ചാടിയ ഇന്ത്യയുടെ ഷാനവാസ് ഖാനാണ് വെള്ളി.
പുരുഷ വിഭാഗം ട്രിപ്പിൾജമ്പിൽ മലയാളി താരം അബ്ദുള്ള അബൂക്കറിനാണ് സ്വർണം. 16.53 മീറ്ററാണ് അബ്ദുള്ള ചാടിയത്. തന്റെ മൂന്നാം ശ്രമത്തിലാണ് അബ്ദുള്ള ഈ ദൂരത്തിലെത്തിയത്.16.42 മീറ്റർ ചാടിയ കാർത്തിക് ഉണ്ണികൃഷ്ണൻ വെള്ളി നേടി.
800 മീറ്ററിൽ മലയാളി താരം പി.മുഹമ്മദ് അഫ്സലിനാണ് സ്വർണം. ഒരു മിനിട്ട് 46.60 സെക്കൻഡിലാണ് അഫ്സൽ ഓടിയെത്തിയത്.മഹാരാഷ്ട്രക്കാരനായ പ്രകാശ് ഗഡാഡെ രണ്ടാമത്തെത്തി. പുരുഷവിഭാഗം 400 മീറ്ററിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പരിശീലിക്കുന്ന വിശാൽ ടി.കെ സ്വർണവും അമോജ് ജേക്കബ് വെള്ളിയും നേടി.200 മീറ്ററിൽ കൊറിയൻ താരത്തെ മറികടന്ന് ഇന്ത്യയുടെ അനിമേഷ് കുജൂർ സ്വർണം നേടി.
വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയുടെ ശൈലി സിംഗിന് സ്വർണം.6.28 മീറ്ററാണ് ശൈലി ചാടിയത്. 6.13 മീറ്റർ ചാടിയ ഇന്ത്യയുടെ തന്നെ ഭവാനി യാദവ് വെള്ളി നേടി.മലയാളിയായ സാന്ദ്ര ബാബു 6.10 മീറ്റർ ചാടി വെങ്കലത്തിലെത്തി. ഇന്ത്യൻ ലോംഗ്ജമ്പിലെ ഇതിഹാസതാരം അഞ്ജു ബോബി ജോർജിന്റെ അക്കാഡമിയിലാണ് ശൈലി പരിശീലിക്കുന്നത്. അഞ്ജുവിന്റെ ഭർത്താവും കോച്ചുമായിരുന്ന റോബർട്ട് ബോബി ജോർജാണ് ശൈലിയെ പരിശീലിപ്പിക്കുന്നത്.
വനിതകളുടെ ജാവലിൻ ത്രോയിൽ അന്നുറാണി സ്വർണം നേടി.62.01 മീറ്ററാണ് അന്നുറാണി എറിഞ്ഞത്.രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കയുടെ ലേഖയ്ക്ക് 56.27 മീറ്റർ ദൂരത്തേക്കേ ജാവലിൻ പായിക്കാൻ കഴിഞ്ഞുള്ളൂ.54.20 മീറ്റർ എറിഞ്ഞ ഇന്ത്യയുടെ ദീപിക മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം പോളണ്ടിൽ നടന്ന മീറ്റിൽ അന്നുറാണി സീസൺ ബെസ്റ്റായ 62.59 മീറ്റർ എറിഞ്ഞിരുന്നു.
പുരുഷ വിഭാഗം 100 മീറ്ററിൽ മലേഷ്യയുടെ മുഹമ്മദ് അസീം 10.35 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയപ്പോൾ വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ അബിനയ രാജരാജൻ സ്വർണവും സ്നേഹ എസ്.എസ് വെള്ളിയും നേടി. അബിനയ 11.57 സെക്കൻഡിലും സ്നേഹ 11.70 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിലാണ് അബിനയ പരിശീലിക്കുന്നത്.
8.13
ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ശ്രീ ശങ്കർ എട്ടുമീറ്ററിൽ കൂടുതൽ ചാടുന്നത്. പൂനെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക്സ് മീറ്റിൽ ശ്രീശങ്കർ 8.05 മീറ്റർ ചാടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |