"നെല്ലോ അതെന്താണ് ?" - കുട്ടികൾ ചോദിക്കുന്നു. സകലകലാവല്ലഭരാണ് ഇന്ന് കുട്ടികൾ. എല്ലാം അവർക്കറിയാം. പക്ഷേ പുല്ലിനെയും പുൽച്ചാടിയെയും നെല്ലിനെയും അവർക്കറിയില്ല. വയറുനിറയ്ക്കുന്ന ചോറിനോട് കൂറുണ്ടെങ്കിലും ചോറുണ്ടാകുന്ന അരിയെക്കുറിച്ച് അറിയില്ല. ചോറിന്റെ തുടക്കം ചേറിൽ നിന്നാണെന്നും അറിയില്ല.
അവരെ നെല്ല് കാണിക്കാൻ അദ്ധ്യാപകർ ദൂരേക്ക് കൊണ്ടുപോകുന്നു. നെൽകൃഷിയെക്കുറിച്ച് കുട്ടികൾക്ക് ക്ളാസെടുക്കാൻ അദ്ധ്യാപകർ കർഷകരെതേടുന്നു. ഇൗയിടെ കലഞ്ഞൂർ ഗവൺമെന്റ് സ്കൂളിലെ കുട്ടികൾ അങ്ങനെയൊരു സംശയം അദ്ധ്യാപകരോട് ചോദിച്ചു. കുട്ടികൾക്ക് നെൽകൃഷി കാണിച്ചുകൊടുക്കാൻ സ്കളിൽത്തന്നെ അദ്ധ്യാപകർ കരനെൽകൃഷി തുടങ്ങുകയും ചെയ്തു. പക്ഷേ നെൽകൃഷിയെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുനൽകാൻ ഒരാൾ വേണ്ടേ. പാഠപുസ്തകത്തിലല്ലല്ലോ, പാടത്തല്ലേ നെല്ല്. ഒടുവിൽ അതിനും ആളെക്കിട്ടി. നാട്ടിൽ അൽപമെങ്കിലും നെല്ല് കൃഷിചെയ്യുന്ന പൊതുപ്രവർത്തകനായ കലഞ്ഞൂർ പ്രസന്നകുമാർ കുട്ടികളുമായി സംസാരിച്ചു. വിത്തിടീൽ, കളയെടുക്കൽ, ഞാറ്, കതിര്, തവിട്, കച്ചി തുടങ്ങി നെല്ലിനെക്കുറിച്ച് ഉള്ളതെല്ലാം പറഞ്ഞുകൊടുത്തു. കതിരെന്ന് കേട്ട് കുട്ടികൾ കണ്ണുമിഴിച്ചു. തവിടെന്ന് കേട്ട് താടിക്ക് കൈകൊടുത്തു. കച്ചിയെന്ന് കേട്ട് പൊട്ടിച്ചിരിച്ചു. അവർക്ക് പരിചയമുള്ളതല്ല ഇതൊന്നും.
പണ്ട് പച്ചപുതച്ചുകിടന്ന നെൽപ്പാടങ്ങളെക്കുറിച്ച് ഇന്ന് കുട്ടികളോട് പറഞ്ഞാൽ അത് പച്ചക്കള്ളമാണെന്ന് അവർ പറയും. ചേറിൽ കളിച്ച , ചെളിയിൽ കുളിച്ച പഴയ കാലത്തെ കുട്ടികളെപ്പോലെയല്ല അവർ. നെല്ല് വിളവെത്തുമ്പോൾ പാടത്ത് കതിരുകൊത്താനെത്തുന്ന കിളികളെ ഓടിക്കാൻ പാട്ടകൊട്ടിയും ഒച്ചകൂട്ടിയും ഓടിനടന്ന പഴയ കുട്ടികളുടെ തലനരച്ചുതുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ചേറ്റുമീനെ പിടിക്കാനും കച്ചിപെറുക്കാനും പശുവിന് കൊടുക്കാൻ പോച്ച അറുക്കാനും പാടത്തിറങ്ങിയവരാണ് അവർ. ചെളിയിൽ ഇറങ്ങിയാൽ രോഗം വരുമെന്ന് പേടിയില്ലാത്തവർ. പച്ചവെള്ളം ചൂടാക്കാതെയാണ് അന്ന് കുടിച്ചിരുന്നതെന്ന് പുതിയ കുട്ടികളോട് പറഞ്ഞാൽ കുട്ടികൾ ചൂടാകും. മണ്ണിൽ തൊട്ടാൽ രോഗം വരുമെന്ന് വിശ്വസിക്കുന്ന അവരുടെയടുത്ത് മുതിർന്നവരുടെ ഒരു കൃഷിയും വിളയില്ല. പക്ഷേ വിളയിച്ചെടുത്തേ പറ്റു. കുട്ടികൾ മണ്ണറിഞ്ഞ് വളരണം. കലഞ്ഞൂർ സ്കൂളിൽ അതിനാണ് കൃഷി തുടങ്ങിയത് നല്ലകാര്യം. കുട്ടികൾ നൂറുമേനി വിളവെടുക്കട്ടെ.
വയറുനിറയ്ക്കുന്ന ചോറിനോട് കൂറുണ്ടെങ്കിലും ചോറുണ്ടാകുന്ന അരിയെക്കുറിച്ച് കുട്ടികൾക്ക് അറിയില്ല. ചോറിന്റെ തുടക്കം ചേറിൽ നിന്നാണെന്നും അറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |