കൊച്ചി: കത്തി കാട്ടി ഭീഷണിപ്പെടുത്തി മുത്തശ്ശിയുടെ സുഹൃത്ത് മദ്യവും കഞ്ചാവും നൽകിയെന്ന കേസിൽ മൊഴി മാറ്റി 14 കാരൻ. നേരത്തെ നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കുട്ടി പൊലീസിന് നൽകിയ പുതിയ മൊഴി. ഇതോടെ കേസ് പൊലീസിന് പുലിവാലായി.
പരാതിക്ക് പിന്നാലെ ഒളിവിൽപ്പോയ ആരോപണ വിധേയനായ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി പ്രബിനെ (40) എറണാകുളം നോർത്ത് പൊലീസ് ഇന്നലെ കൊച്ചിയിൽ നിന്ന് പിടികൂടി. അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് പിടിയിലായത്. കുട്ടി മൊഴി മാറ്റിയതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. കുട്ടി മൊഴി മാറ്റാനിടയായ സാഹചര്യം അന്വേഷിക്കും.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മാതാപിതാക്കൾ വേർപിരിഞ്ഞ് കഴിയുന്ന കുട്ടി നഗരത്തിലെ ഒരു സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മയ്‌ക്കും മുത്തശ്ശിക്കുമൊപ്പം വാടക വീട്ടിലാണ് താമസം. 58കാരിയായ മുത്തശിയെ പ്രബിൻ ഇടയ്‌ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു.
2024 ഡിസംബർ 24ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയം ഇയാൾ കത്തി കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പിന്നീട് കുട്ടിയുടെ ജന്മദിനമായ കഴിഞ്ഞ ജനുവരി നാലിന് വൈകിട്ട് വീട്ടിലെത്തി അടുക്കളയിൽ വച്ച് കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി കഞ്ചാവ് ബീഡി വലിപ്പിക്കുകയും ചെയ്തെന്നായിരുന്നു മൊഴി. സ്‌കൂളിലെ സുഹൃത്തിനോട് പറഞ്ഞ കാര്യം അമ്മ അറിഞ്ഞപ്പോഴാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |