കൊച്ചി: കസ്റ്റഡിയിലെടുക്കുന്നയാളെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ മതിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പിടിയിലാകുന്ന സമയം മുതൽ 24 മണിക്കൂറിനകം ഹാജരാക്കേണ്ടതാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. 24 മണിക്കൂറിനുളളിൽ ഹാജരാക്കിയില്ലെന്ന പേരിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് വിശദീകരണം.
പിടിയിലായ ആളെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. അവിടെ വരെയുള്ള യാത്രാസമയത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇളവുള്ളത്. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ഒരാളെ 24 മണിക്കൂറിലധികം തടവിലാക്കരുതെന്നാണ് ഇതിനർത്ഥം. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതോടെ ഒരാൾ തത്വത്തിൽ അറസ്റ്റിലാകും.
സുപ്രീംകോടതിയുടെ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം പരിശോധിക്കാൻ നിയമവിദ്യാർത്ഥികളായ നിഖിന തോമസ്, നേഹ ബാബു എന്നിവരെ അമിക്കസ് ക്യൂറിയായും നിയമിച്ചിരുന്നു.
ലഹരിമരുന്ന് കേസ് പ്രതി ബംഗാൾ സ്വദേശി ബിസ്വജിത് മണ്ഡലിനാണ് ജാമ്യം അനുവദിച്ചത്. ജനുവരി 25 ന് പകൽ മൂന്ന് മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയത് ജനുവരി 26ന് പകൽ രണ്ടിനാണ്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് അന്ന് രാത്രി എട്ടിനും.
ഇത് നിയമ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
25ന് വൈകിട്ട് ഏഴിനാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തളളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |