ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ ഛത്തീസ്ഗഡിൽ വീണ്ടും ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് നേരെ ബജ്‌റംഗ്‌ദൾ പ്രതിഷേധം. റായ്പൂരിനടുത്ത് കുക്കർബേഡയിൽ പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു പ്രതിഷേധം. മതപരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് നൂറോളം ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രാർത്ഥന നടക്കുന്ന വീടിന് മുന്നിലെത്തിയത്. ഹനുമാൻ ചാലിസ ചൊല്ലുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത പ്രവർത്തകർ പ്രാർത്ഥന നടന്ന ഹാളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. തുടർന്ന് പ്രാർത്ഥന നിറുത്തിവച്ചു.
പൊലീസ് പ്രശ്‌നത്തിൽ ഇടപെടുകയും ഇരു വിഭാഗത്തിലുള്ളവരെയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ പാസ്റ്ററെയും പ്രാർത്ഥനയിൽ പങ്കെടുത്ത ചിലരെയും ബജ്‌റംഗ്‌ദൾ പ്രവർത്തകർ മർദ്ദിച്ചതായും ആരോപണമുണ്ട്. ബജ്‌റംഗ്‌ദൾ പ്രവർത്തകർ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് മർദ്ദിച്ചതെന്ന് പാസ്റ്റർ ആരോപിച്ചു.
കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ ദുർഗിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസിനെയും പ്രീതി മേരിയെയും അറസ്റ്റ് ചെയ്തിരുന്നു. സഭയുടെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിലെത്തിയ കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് ബജ്‌റംഗ്‌ദൾ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയായിരുന്നു. 9 ദിവസം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |