കൊച്ചി: ഛത്തീസ്ഗഡിൽ നിന്ന് കേരളത്തിലെത്തി സെൻട്രൽ ആംഡ് പൊലീസ് അസിസ്റ്റന്റ് കമാൻഡന്റ് നിയമനത്തിനുള്ള പരീക്ഷയിൽ ക്രമക്കേട് നടത്താൻ ശ്രമിച്ച് അറസ്റ്റിലായ സി.ആർ.പി.എഫ് ഇൻസ്പെക്ടർ അങ്കിത്കുമാറിന് എതിരെ കൂടുതൽ തെളിവുകൾ. ബീഹാർ സ്വദേശിയായ പ്രതി പരീക്ഷാ സെന്ററിന്റെ ചിത്രങ്ങൾ മുൻകൂട്ടി പകർത്തിയെന്നും ഐ.എ.എസിന് തയ്യാറെടുക്കുന്ന കൂട്ടുകാരിയെ ഒപ്പം കൂട്ടിയത് ഉത്തരം കേട്ടെഴുതാനാണെന്നും വ്യക്തമായി.
എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയുള്ള തെളിവെടുപ്പിലാണ് ഈ വിവരങ്ങൾ വെളിവായത്.
പരീക്ഷയുടെ തലേദിവസമായ ജൂലായ് രണ്ടിനാണ് അങ്കിത്കുമാറും കൂട്ടുകാരി പ്രതിഭയും ബിഹാർ സ്വദേശിയായ സുഹൃത്തും എറണാകുളം എസ്.ആർ.വി സ്കൂൾ വളപ്പിൽ കയറി പരീക്ഷാസെന്ററിന്റെ ചിത്രങ്ങൾ പകർത്തിയത്. അങ്കിത്കുമാറിന്റ മൊബൈൽ ഫോണിൽ സ്കൂൾ വളപ്പിന്റെ അഞ്ച് ചിത്രങ്ങളുണ്ടായിരുന്നു. പരീക്ഷയിൽ ക്രമക്കേട‌് നടത്തുന്നതിനുള്ള മുന്നൊരുക്കമായിരുന്നു ഇത്.
അങ്കിത്കുമാർ കേരളത്തിലെ സെന്റർ തെരഞ്ഞെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. അസിസ്റ്റന്റ് കമാൻഡന്റ് പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥിക്ക് മൂന്ന് സെന്ററുകൾ ചോയ്സ് നൽകാം. വടക്കേയിന്ത്യയിലെ സെന്ററുകൾ ഒഴിവാക്കി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളാണ് ഇയാൾ തെരഞ്ഞെടുത്തത്. ഇതിൽ കൊച്ചി ലഭിച്ചു.
പരീക്ഷാസെന്ററിന് തൊട്ടുമുന്നിലെ ഹോട്ടലിൽ മുറിയെടുത്തതും ക്രമക്കേടിനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു. തമിഴ്നാട് സ്വദേശിയായ പ്രതിഭ സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥിയാണ്. പരീക്ഷാഹാളിൽ നിന്ന് ചോദ്യങ്ങൾ ചോർത്തി പ്രതിഭയുടെ സഹായത്തോടെ ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു ഉദ്ദേശ്യം. ജാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ വയർലെസ് സെറ്റ് അഞ്ചു കൊല്ലം മുമ്പ് വിദ്യാർത്ഥിയായിരിക്കെ വാങ്ങിയതെന്നാണ് അങ്കിത്കുമാറിന്റെ വശദീകരണം. തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്. കേന്ദ്ര ഏജൻസികൾ അന്വേഷണ പുരോഗതി സംബന്ധിച്ച് ദിവസവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |