കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇതുസംബന്ധിച്ച് വിദ്യാർത്ഥിനിയുടെ കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
അതേസമയം, വിദ്യാർത്ഥിനി ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. റമീസിനെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനടക്കം കൊണ്ടുപോകാനും നീക്കമുണ്ട്. റമീസിന്റെയും വിദ്യാർത്ഥിനിയുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ടിടിസി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ കാമുകൻ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിനെ (24) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റമീസിന്റെ വീട്ടിൽ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. റമീസിൽ നിന്ന് നേരിട്ട അവഗണനയാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മതം മാറാത്തതിന്റെ പേരിൽ പെൺകുട്ടി അവഗണന നേരിട്ടു. പോയി മരിച്ചോളാൻ റമീസ് പറഞ്ഞുവെന്നും പൊലീസ് പറഞ്ഞിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം, ദേഹോപദ്രവമേൽപ്പിക്കൽ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. റമീസ് പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് സഹോദരൻ വെളിപ്പെടുത്തിയിരുന്നു. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മതപരിവർത്തനമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |