കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകിയെന്ന പരാതിയിൽ മൊഴിമാറ്റി പതിനാലുകാരൻ. തന്നെ മദ്യമോ കഞ്ചാവോ ഉപയോഗിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നാണ് കുട്ടി ഇപ്പോൾ പറയുന്നത്. ഇതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്‌സാണ്ടറിനെ പൊലീസ് വിട്ടയച്ചു. മൊഴി മാറ്റിയതിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്.
തനിക്ക് പലതവണ മദ്യം നൽകിയതായാണ് കുട്ടി ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽ ടിവി കണ്ടിരിക്കെ അമ്മൂമ്മയുടെ ആൺസുഹൃത്തായ പ്രബിൻ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ജന്മദിനത്തിൽ പ്രബിൻ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചെന്നും മൊഴി നൽകിയിരുന്നു. കുട്ടുകാരിൽ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്റെ മാതാവ് പ്രബിനെതിരെ പൊലീസിൽ പരാതി നൽകിയത്.
അച്ഛൻ മരിക്കുകയും അമ്മ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്‌തതോടെ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പരാതിക്ക് പിന്നാലെ പ്രബിൻ അലക്‌സാണ്ടറിനെ എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദമുണ്ടായതായി കുട്ടിയുടെ അമ്മ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മൊഴി മാറ്റിപ്പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |