നാഗ്പുർ: ബൈക്കിൽ സഞ്ചരിച്ച സ്ത്രീയെ അമിത വേഗതയിലെത്തി ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി സത്യപാൽ രാജേന്ദ്രയാണ് (28) പിടിയിലായത്. ഇക്കഴിഞ്ഞ ഒമ്പതിന് നാഗ്പുർ-ജബൽപൂർ ദേശീയ പാതയിലാണ് സംഭവം നടന്നത്. 36മണിക്കൂർ കൊണ്ട് എഐയുടെ സഹായത്തോടെയാണ് നാഗ്പുർ പൊലീസ് പ്രതിയെ കണ്ടെത്തിയത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അമിതവേഗത്തിൽ വന്ന ഒരു ട്രക്ക് ഇടിച്ചു തെറുപ്പിക്കുകയും സ്ത്രീയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു. അപകടം നടന്നിട്ടും ഡ്രൈവർ വണ്ടി നിർത്തിയില്ല. ഭർത്താവ് യുവതിയുടെ മൃതദേഹം ബൈക്കിൽ കെട്ടി വച്ച് കെട്ടിയാണ് മദ്ധ്യപ്രദേശിലുള്ള തന്റെ ഗ്രാമത്തിൽ എത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
റോഡിൽ വീണ ഭാര്യയെ രക്ഷിക്കുന്നതിനിടെ ട്രക്കിന്റെ ചുവന്ന നിറമല്ലാതെ വാഹനത്തിന്റെ നമ്പർ അടക്കമുള്ള മറ്റ് വിവരങ്ങളൊന്നും ഭർത്താവിന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒട്ടേറെ വെല്ലുവിളി നിറഞ്ഞതായിരുന്നു പൊലീസ് അന്വേഷണം. ചുവന്ന അടയാളമല്ലാതെ മറ്റ് തുമ്പുകളൊന്നുമില്ല.
ഹൈവേയിലെ മൂന്ന് ടോൾ പ്ലാസകളിൽ നിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് രണ്ട് എഐ അൽഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്തു. ചുവന്ന അടയാളങ്ങളുള്ള ട്രക്കുകൾ വേർതിരിക്കുകയായിരുന്നു ആദ്യ പടി. അൽഗോരിതം ചുവന്ന ട്രക്കുകളുടെ ഫൂട്ടേജ് സ്കാൻ ചെയ്തു. രണ്ടാമത്തേത് ഈ ട്രക്കുകളുടെ ശരാശരി വേഗത വിശകലനം ചെയ്ത് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന ട്രക്ക് ഏതാണെന്ന് കണ്ടെത്തുകയായിരുന്നു.
നാഗ്പുരിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ അകലെയുള്ള ഗ്വാളിയോർ-കാൺപൂർ ഹൈവേയിൽ നിന്നാണ് 36 മണിക്കൂറിനുള്ളിൽ ട്രക്കിനെ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനത്തിലൂടെ പൊലീസിന് കഴിഞ്ഞത്. ഡ്രൈവറെ അറസ്റ്റ് ചെയ്ത് ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര പൊലീസ് വികസിപ്പിച്ചെടുത്ത MARVEL സിസ്റ്റം (മഹാരാഷ്ട്ര അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് വിജിലൻസ് ഫോർ എൻഹാൻസ്ഡ് ലോ എൻഫോഴ്‌സ്‌മെന്റ്) രാജ്യത്തെ ആദ്യത്തെ സംസ്ഥാനതല പൊലീസ് എഐ സംവിധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |