അബുദാബി: പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന സംവിധാനവുമായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്. ഒരു സെക്കന്റിൽ ഒന്നിലധികം യാത്രക്കാരെ കടത്തിവിടുന്ന എഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇടനാഴിയാണ് വിമാനത്താവളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തിരിച്ചറിയൽ രേഖകൾ കാണിക്കാതെ തന്നെ ഒരേസമയത്ത് പത്തുപേർക്കുവരെ ഇടനാഴിയിലൂടെ കടന്നുപോകാൻ സാധിക്കും.
ബോർഡർ ക്രോസിംഗിൽ എത്തുന്നതിന് മുൻപുതന്നെ പുതിയ സംവിധാനത്തിന്റെ സഹായത്തോടെ യാത്രക്കാരന്റെ വിവരങ്ങൾ വിമാനത്താവള അധികൃതർക്ക് ലഭ്യമാകുമെന്ന് ദുബായിലെ ജനറൽ ഡയറക്‌ടറേറ്റ് ഒഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്‌ടർ ജനറൽ മൊഹമ്മദ് അഹമദ് അൽ മാരി വ്യക്തമാക്കി. ഒരേസമയത്ത് കൂടുതൽ യാത്രക്കാരെ കടത്തിവിടാൻ സാധിക്കുമെന്നതിനാൽ പ്രക്രിയകൾ വേഗത്തിലാവുകയും വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാവുകയും ചെയ്യുമെന്ന് അൽ മാരി ചൂണ്ടിക്കാട്ടി. ലോകത്തുതന്നെ ഇത്തരത്തിലൊരു സംവിധാനം ആദ്യമായാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2024ലെ കണക്കുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബായ് അാരാഷ്ട്ര വിമാനത്താവളം.
പുതിയ സംവിധാനം വിമാനത്താവളത്തിലെ പ്രക്രിയകളും യാത്രയും സുഗമമാക്കുന്നുവെന്ന് അനേകം യാത്രക്കാർ അഭിപ്രായപ്പെട്ടു. പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിൽ വരിനിന്ന് സമയം കളയാതെ തന്നെ നടപടിക്രമങ്ങൾ വേഗത്തിലാകുന്നുവെന്നാണ് കൂടുതൽ അഭിപ്രായങ്ങളും. കാത്തിരിപ്പ് സമയം കുറയ്ക്കുകയും തിരക്ക് തടയുകയും ചെയ്യുന്നതിലൂടെ യാത്രാനുഭവം കൂടുതൽ ആസ്വാദ്യകരവും തടസമില്ലാത്തതുമാക്കുകയും ചെയ്യുന്നവെന്നും പലരും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |