ചെറുതോണി: അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ തുടർച്ചയായി കാൽവരിമൗണ്ടിൽ ചേർന്ന നവ ഇടുക്കി പുതുവഴികൾ എന്ന സെമിനാറിൽ കട്ടപ്പന കമ്പം തുരങ്കപാതയുടെ സാധ്യത പഠനം നടത്തുന്നതിന് തീരുമാനിച്ചു. മുൻ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിലാണ് നൂതനാശയം ഉയർന്നുവന്നത്. കട്ടപ്പനയിൽ നിന്ന് ഭൂഗർഭപാത നിർമ്മിച്ചാൽ 12 കിലോമീറ്റർ കൊണ്ട് കമ്പത്ത് എത്തിച്ചേരാനാകും. ഇപ്പോൾ 40 കിലോമീറ്ററുണ്ട്. വയനാട്ടിൽ നിർമ്മിക്കുന്ന തുരങ്കപാതയുടെ മാതൃകയിൽ കട്ടപ്പന കമ്പം പാത നിർമിക്കാനായാൽ ഹൈറേഞ്ചിന്റെ വികസന സാദ്ധ്യതകൾ വൻതോതിൽ ഉയരും. തമിഴ്നാട്ടിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർക്കും കട്ടപ്പനയിലേക്ക് എത്താൻ ഏറെ സഹായകരമായ ഒന്നാണ് തുരങ്കപാത. മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും വലിയ കുതിപ്പാകും.ജില്ലയുടെ വികസന സാധ്യതകൾ ബഹുദൂരം മുന്നോട്ട് നയിക്കുന്ന അന്തർ സംസ്ഥാന ഭൂഗർഭ പാത സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യൻ ഉപരക്ഷാധികാരിയും ജയിൻ അഗസ്റ്റിൻ ചെയർമാനും സിബി കൊല്ലംകുടിയിൽ സെക്രട്ടറി യായും രൂപീകരിച്ച ഗ്രീൻ വാലി ടൂറിസം കമ്പനിയുടെ നേതൃത്വത്തിലാണ് സാദ്ധ്യതാ പഠനം നടത്തുന്നത്. പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ രൂപരേഖയുമായി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രിയെയും കാണുന്നതിനും തീരുമാനമായി. സെമിനാറിൽ സി.വി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ, അഡ്വ. എ. രാജ എം.എൽ.എ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ദൂരം കുറയ്ക്കാം,
വേഗത്തിലാക്കാം
സമുദ്രനിരപ്പിൽ നിന്ന് 490 മീറ്റർ മാത്രം ഉയരത്തിലാണ് കമ്പം ടൗൺ നിൽക്കുന്നത് കട്ടപ്പന നഗരം 870 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത് കമ്പവും കട്ടപ്പനയും തമ്മിലുള്ള ഉയര വ്യത്യാസം 270 മീറ്റർ മാത്രമാണ്. 100 മീറ്റർ പാത നിർമ്മിക്കമ്പോൾ 5 മീറ്റർ വരെ ചരിവ് ആകാം എന്നാണ് നിർമ്മാണത്തിന്റെ അന്തർദേശീയ മാനദണ്ഡം. കമ്പം തുരങ്കപാത നിർമ്മിച്ചാൽ 2.25 മീറ്റർ ചരിവ് മാത്രമേ ഉണ്ടാവൂ. ഇപ്പോൾ യാഥാർത്ഥ്യമാവുന്ന ഡിണ്ടിക്കൽ- തേനി- കുമളി നാലുവരിപ്പാതയിലേക്ക് എത്താൻ 12 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |