ചേർത്തല : മൂന്ന് സ്ത്രീകളുടെ ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കെ കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യന്റെ വീട്ടുപറമ്പിലെ പഴയ കിണർ നികത്തിയ സ്ഥലം തുരന്ന് പരിശോധിച്ചേക്കും. ചേർത്തല നഗരത്തിൽ സെബാസ്റ്റ്യന്റെ സഹോദരൻ ക്ലമന്റിന്റെ പേരിലുള്ള കാടുപിടിച്ചുകിടക്കുന്ന സ്ഥലവും കുഴിച്ചുപരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസിലാണ് സെബാസ്റ്റ്യൻ ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
ഉപയോഗശൂന്യമായ കിണർ മൂന്നുവർഷം മുമ്പ് മണ്ണിട്ട് മൂടിയതായി അന്വേഷണസംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുപദ്മനാഭൻ, ഹയറുമ്മയെന്ന ഐഷ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കിണറുണ്ടായിരുന്ന സ്ഥലം തുരന്ന് പരിശോധിക്കാനുള്ള ആലോചന. ഇവരെ അപായപ്പെടുത്തി മൃതദേഹമോ ശരീരാവശിഷ്ടങ്ങളോ കിണറ്റിൽ തള്ളിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണിത്. ഉപയോഗശൂന്യമായ കിണർ വീട്ടുവളപ്പിൽ ഉണ്ടായിരുന്നെന്നും ഏതാനും വർഷം മുമ്പ് അത് മണ്ണിട്ട് മൂടിയെന്നും സെബാസ്റ്റ്യൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
കാണാതായ സ്ത്രീകളുമായി സെബാസ്റ്റ്യന് അടുപ്പമുണ്ടായിരുന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെങ്കിലും ഇവർ കൊല്ലപ്പെട്ടെന്നോ അതിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്നോ വ്യക്തമാക്കാൻ തക്ക ഒന്നും ലഭിക്കാത്തതാണ് അന്വേഷണസംഘത്തെ വട്ടംചുറ്റിക്കുന്നത്.
സ്ത്രീസുഹൃത്തുക്കൾ നിരീക്ഷണത്തിൽ
സെബാസ്റ്റ്യനുമായി ചങ്ങാത്തമുണ്ടായിരുന്ന മൂന്ന് സ്ത്രീ സുഹൃത്തുക്കൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ജില്ലയ്ക്കു പുറത്തുള്ള മൂന്നാമത്തെയാളോട് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചേർത്തല ഒറ്റപ്പുന്ന സ്വദേശി സെബാസ്റ്റ്യന്റെ കുടുംബവീടിന്റെ പരിസരത്തുനിന്ന് മൃദേഹാവശിഷ്ടങ്ങൾ കിട്ടിയതാണ് സംശയങ്ങൾ ബലപ്പെടുത്തുന്നത്. 2024 ഡിസംബർ 23ന് കോട്ടയം ഏറ്റുമാനൂരിൽനിന്ന് കാണാതായ ജെയിൻ മാത്യു എന്ന ജെയ്നമ്മയുടെ തിരാധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സെബാസ്റ്റ്യനെ കുരുക്കിയത്. 2006 മുതൽ കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭൻ, 2013 മേയ് 13ന് ചേർത്തലയിൽനിന്ന് കാണാതായ ഹയറുമ്മ എന്ന ഐഷ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടും പുതിയ കേസിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
ബിന്ദു പത്മനാഭൻ കേസ് തുടക്കത്തിലേ അട്ടിമറിച്ചു
2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബർ 9ന് കുത്തിയതോട് സി.ഐ ഓഫീസിൽ എത്തി. പരാതി കൈവശം വാങ്ങി അന്ന് തന്നെ പട്ടണക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ ഷാജിമോന് പ്രവീൺ കൈമാറി.എന്നാൽ 70 ദിവസത്തിന് ശേഷം ഡിസംബർ 19നാണ് 1400/2017 നമ്പരിൽ പ്രഥമ വിവര റിപ്പോർട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ മൂക്കുകയർ ഇട്ടിരുന്നതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ഉന്നതർ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |