കോതമംഗലം: സോനയുടെ ആത്മഹത്യാക്കുറിപ്പിൽ കാമുകൻ റമീസിനെയും കുടുംബത്തെയും റമീസിന്റെ സുഹൃത്തിനെയും കുടുക്കുന്ന നിർണായക വിവരങ്ങൾ. ഒരു വെട്ടിത്തിരുത്തൽ പോലുമില്ലാതെ, വടിവൊത്ത അക്ഷരത്തിലുള്ളതാണ് ആത്മഹത്യാക്കുറിപ്പ്. ഇത് റമീസിന്റെ മാതാവിനും സോന വാട്‌സ്ആപ്പ് ചെയ്തിരുന്നു. സോനയെ പിന്തിരിപ്പിക്കാനോ രക്ഷപ്പെടുത്താനോ ഇവരിൽ നിന്ന് ഇടപെടൽ ഉണ്ടായില്ല. സോനയുടെ അമ്മ ബിന്ദു ഏറെ വൈകിയാണ് ആത്മഹത്യാക്കുറിപ്പ് കാണുന്നത്. ജോലി സ്ഥലത്തുനിന്ന് ഓട്ടോപിടിച്ച് വീട്ടിലെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന സോനയെയാണ് അമ്മ കണ്ടത്.
റമീസ് ചെയ്ത തെറ്റുകൾ അവന്റെ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് അവരോട് തനിക്ക് അകൽച്ചയുണ്ടാക്കിയെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു. 'എന്റെ കൂടെ വരാമെന്നു സമ്മതിച്ച റമീസിനെ ഒരു കൂട്ടുകാരൻ പിന്തിരിപ്പിച്ചു. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. ചെയ്ത തെറ്റിന് ഒട്ടുംതന്നെ കുറ്റബോധമോ എന്നോട് സ്‌നേഹമോ റമീസിൽ ഞാൻ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാദ്ധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പന്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു...ഞാൻ അപ്പന്റെ അടുത്തേക്ക് പോകുവാ"- സോന എഴുതിവച്ചു.
ഇത് ലൗ ജിഹാദ്; ഷോൺ ജോർജ്
ലൗ ജിഹാദിന്റെ ഇരയാണ് സോനയെന്നും കർശന നടപടി വേണമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |