ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആക്ഷേപ കമന്റിട്ട അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റിയംഗം കരുമാടി യമുന ഭവനിൽ മിഥുൻ മോഹനോട് (27) വിശദീകരണം ചോദിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ഇയാൾക്കെതിരെ നടപടിയുണ്ടാകും.. അമ്പലപ്പുഴ ഏരിയ കമ്മറ്റിയാണ് വിശദീകരണം തേടിയത്.
ലഹരിക്കെതിരെ രമേശ് ചെന്നിത്തല എം.എൽ.എ നയിച്ച പ്രൗഡ് കേരള യാത്രയെ പ്രശംസിച്ച് ജി.സുധാകരനിട്ട ഫേസ്ബുക്ക് കുറിപ്പിനാണ് മിഥുൻ അധിക്ഷേപ കമന്റിട്ടത്. അന്നുതന്നെ ജി.സുധാകരൻ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മിഥുന്റെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഞായറാഴ്ചയാണ് കേസിനാസ്ദമായ സംഭവമുണ്ടായതും ജി.സുധാകരൻ പരാതി നൽകിയതും.
പൊതു വിഷയങ്ങളിലടക്കം ജി.സുധാകരൻ നടത്തുന്ന പ്രസ്താവനകളിൽ സോഷ്യൽ മീഡിയ ആക്രമണമുണ്ടാകാറുണ്ട്. ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകൾ വൈകിട്ട് ഫേസ്ബുക്കിലാണ് പോരാട്ടം നടതത്തുന്നതെന്ന് കഴിഞ്ഞ മേയിൽ വള്ളികുന്നത്ത് നടന്ന പൊതുപരിപാടിയിൽ അദ്ദേഹം പ്രസ്താവിച്ചിരുന്നു. ജി.സുധാകരനെതിരെ സോഷ്യൽ മീഡിയകളിൽ കുറിപ്പിടുന്നവരിലധികവും സ്വന്തം പാർട്ടിക്കാരാണെന്ന ആക്ഷേപം വ്യാപകമാണ്. മുതിർന്ന നേതാവിനെതിരായ സമൂഹമാദ്ധ്യമ ആക്രമണങ്ങൾക്കെതിരെ പാർട്ടിക്കുള്ളിൽ യാതൊരു നിയന്ത്രണങ്ങൾക്കും ശ്രമം നടന്നിരുന്നില്ല. ഇപ്പോൾ അദ്ദേഹം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മിഥുനോട് വിശദീകരണം തേടാൻ പാർട്ടി തയാറായത്.
ദേവസ്വം ബോർഡിലും പരാതി
മിഥുനെതിരെ നിരവധി പരാതികൾ ദേവസ്വം ബോർഡിനും ലഭിച്ചു. ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറിയും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താത്‌കാലിക ജീവനക്കാരനുമാണ് മിഥുൻ. അസഭ്യം പറയുക, അപകീർത്തിപ്പെടുത്തുക, ഇലക്‌ട്രോണിക് മാദ്ധ്യമത്തിലൂടെ അസഭ്യപരാമർശം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ അമ്പലപ്പുഴ പൊലീസ് ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |