ശിവഗിരി: ഗുരുദേവകൃതികളുടെ പ്രചാരണത്തിനായി ഗുരുധർമ്മ പ്രചരണസഭയുടെ ഭാഗമായി ആയിരം ആത്മോപദേശശതക പാരായണ സമിതികൾ രൂപീകരിക്കാൻ സഭയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖകൾ,ഗുരുദേവക്ഷേത്രങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പാരായണ സമിതികൾ രൂപീകരിക്കാൻ ഗുരുദേവ ഭക്തർ മുന്നോട്ടുവരണമെന്ന് സമ്മേളനം അഭ്യർത്ഥിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദൈവദശകം തുടങ്ങിയ പ്രാർത്ഥനകൾ ആലാപനം ചെയ്ത് ഭക്തിനിർഭരമായ ജീവിതം നയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും വാർഷികയോഗം തീരുമാനിച്ചു.
സുപ്രീംകോടതി നിർദ്ദേശമുണ്ടായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യ സംവരണം സംസ്ഥാന സർക്കാർ ഇതുവരെ നടപ്പിലാക്കാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഗുരുദേവൻ ഉപദേശിച്ച സാത്വികമായ ആരാധനസമ്പ്രദായം അംഗീകരിച്ചു നടപ്പിലാക്കുന്നതിന് സർക്കാർ മുന്നോട്ടുവരണമെന്ന് വാർഷികയോഗം പ്രമേയം വഴി ആവശ്യപ്പെട്ടു. പാലസ്തീൻ, ഇസ്രായേൽ, റഷ്യ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ആളുകളെ കൊന്നൊടുക്കുന്ന യുദ്ധത്തിന് വിരാമം കുറിക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭാരതസർക്കാർ മുൻകൈയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദ , സ്വാമി ദേശികാനന്ദയതി, സഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, പി.ആർ.ഒ പ്രൊഫ. സനൽകുമാർ, ചീഫ് കോ ഓർഡിനേറ്റർ സത്യൻ പന്തത്തല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |