ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്നമാണ്. സ്ഥിരമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. നല്ല ആരോഗ്യത്തിന് ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നത്. ഇന്ത്യൻ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഉറക്കക്കുറവ് വലിയൊരു പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങളായിരിക്കും ഉണ്ടാകുന്നതെന്ന് പഠനങ്ങൾ. എട്ട് മണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക് അകാലമരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആശുപത്രി മുറികളിലും, ഹോസ്റ്റലുകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിലും നിശബ്ദനായ ഒരു പകർച്ചവ്യാധി വളരുകയാണെന്നാണ് ഫരീദാബാദിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ക്ലിനിക്ക് ഗവേഷകർ വ്യക്തമാക്കുന്നത്. നമ്മൾ ശ്വസിക്കുന്നത് പോലെ തന്നെ നാഡീസംബന്ധമായ ഒരു പ്രവർത്തനമാണ് ഉറക്കവും. പ്രൊഡക്ടീവായ ജോലി ചെയ്യുകയും പല തരത്തിലുള്ള വിനോദങ്ങളിൽ തുടരെത്തുടരെ ഏർപ്പെടുന്നതിലൂടെ യുവജനങ്ങൾ ഉറക്കം ത്യജിക്കുന്നതുമായിട്ടാണ് കാണുന്നത്. നമ്മുടെ രാജ്യത്ത് മൂന്നിൽ ഒരാൾ ഉറക്കവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമെങ്കിലും അനുഭവിക്കുന്നുണ്ടെന്നാണ് സമീപകാല പഠനത്തിൽ പറയുന്നത്. ഇത് 15 വർഷം മുമ്പുള്ളതിനേക്കാൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
തലവേദന, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മൈഗ്രെയ്ൻ, ഭാര കൂടുതൽ,അൽഷിമേഴ്സ്, ഹൃദയ സംബന്ധമായ രോഗങ്ങൾ, പ്രതിരോധശേഷി നഷ്ടമാകുക, അമിത മൂത്രശങ്ക, ജലദോഷം സന്ധിവേദന, ലൈംഗിക പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ ഉറക്കക്കുറവ് മൂലമാണ് ഉണ്ടാകുന്നത്.
എയിംസിന്റെ 2022ലെ പഠനങ്ങൾ അനുസരിച്ച് ഏകദേശം 52ശതമാനം വിദ്യാർത്ഥികൾ ഉറക്കക്കുറവ് കാരണം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ 16 വയസ് മുതൽ 24വയസ് വരെയുള്ളവരാണ് ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന പ്രതിസന്ധികൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്. അക്കാദമിക് സമ്മർദ്ദം, വൈകാരിക സംഘർഷങ്ങൾ, അമിതമായ സ്ക്രീൻ ടൈം എന്നിവയാണ് അടയാളപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങൾ. ഹോർമോൺ വ്യതിയാനം, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, വൈകിയുള്ള രാത്രി ശീലങ്ങൾ എന്നിവ മൂലം ഈ പ്രായക്കാരുടെ ആരോഗ്യസ്ഥിതി അപകടത്തിലാകുന്നു.
ഉറക്കമില്ലായ്മ മൂലം ഇന്നത്തെ യുവജനങ്ങൾക്കിടയിൽ സാധാരണമായി കാണുന്ന വൈകല്യങ്ങളാണ് ഇൻസോമ്നിയ, ഡിലേയ്ഡ് സ്ലീപ്പ് ഫേസ് ഡിസോർഡർ, റെസ്റ്റ്‌ലസ് ലെഗ്സ് സിൻഡ്രോം, സ്ലീപ് അപ്‌നിയ എന്നിവ. നിരവധി ഘടകങ്ങളാണ് ഇത്തരം രോഗാവസ്ഥകൾക്ക് കാരണമാകുന്നത്. മൊബൈൽ സ്‌ക്രീനുകളിൽ നിന്നുള്ള നീലവെളിച്ചം, സ്ക്രോളിംഗ്, ഗെയിമിംഗ്, എനർജി ഡ്രിങ്കുകൾ എന്നിവയുടെ ഉപഭോഗം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഇത്തരം കാര്യങ്ങൾ തുടർന്നാൽ ഒരാളുടെ വൈജ്ഞാനികമായ കഴിവിനെ ഗുരുതരമായി ബാധിക്കും. ഇത് വർഷങ്ങളോളം തുടരുകയാണെങ്കിൽ തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാകും.
ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കുള്ള ചികിത്സ ആഴത്തിലുള്ള ശ്വസനം, മൈൻഡ്ഫുൾനെസ്സ് തുടങ്ങിയ വിശ്രമ വിദ്യകൾ അടങ്ങിയ ഉൾപ്പെടെയുള്ള മരുന്നുകളില്ലാത്ത ഇടപെടലുകളിലൂടെയാണ്. ആവശ്യമുള്ളപ്പോൾ മാത്രമേ മരുന്നുകൾ കഴിക്കേണ്ടതുള്ളു.
ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ ഉപയോഗം ഒഴിവാക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം കഫീൻ കുറയ്ക്കുക. അതായത് നിങ്ങളുടെ ഉച്ചകഴിഞ്ഞുള്ള കാപ്പി കുടി രാത്രി വരെ ശരീരത്തിൽ സജീവമായിരിക്കും. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. വായന, ധ്യാനം, ചൂടു വെള്ളത്തിലുള്ള കുളി എന്നിവ ഉറക്കത്തിന് മുമ്പുള്ള ശാന്തമായ ഒരു ദിനചര്യ വികസിപ്പിക്കാൻ സഹായിക്കും. സുഖപ്രദമായ ഒരു മെത്തയും തലയിണകളും വാങ്ങി കിടപ്പുമുറി ശാന്തവും തണുപ്പുള്ളതുമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |