ഭുവനേശ്വർ: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആർക്കും ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. കാശ്‌മീരീന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സംബന്ധിച്ച് ഭുവനേശ്വറിൽ സംഘടിപ്പിച്ച ജൻ ജാഗരൺ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ എതിർക്കുന്ന കോൺഗ്രസ് നിലപാടിനെ വിമർശിച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിൽ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരർക്കുമാണ്. അനുഛേദം എടുത്തുകളയുന്നത് 72 വർഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്ന് സാരംഗി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ 72 വർഷത്തിനു ശേഷം കാശ്മീരികൾക്ക് പൂർണ അവകാശം അനുവദിച്ചു നൽകിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്‌മീരിൽ ആളുകൾ ഭൂമി വാങ്ങാൻ തുടങ്ങിയെന്നും കാശ്മീരികൾക്ക് തങ്ങളുടെ പെൺമക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്‌തയക്കാൻ അവസരമൊരുങ്ങിയെന്നും സാരംഗി അവകാശപ്പെട്ടു. ഇപ്പോൾ കാശ്മീരികളുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നവർ കാശ്മീരിൽ വിന്യസിക്കപ്പെട്ട നൂറുകണക്കിന് പട്ടാളക്കാർ കൊല്ലപ്പെട്ടപ്പോൾ ഒന്നും മിണ്ടിയിരുന്നില്ലെന്നും സാരംഗി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |