പാലാ : ഒരു നാടിന്റെ വികാരവും കൂട്ടായ്മയുടെ ചിത്രവുമായ 'ജനകീയൻ' ബസ് സർവീസ് അവസാനിപ്പിച്ചു. കഴിഞ്ഞ 17 വർഷങ്ങളായി കോട്ടയത്തെയും ഇടുക്കിയെയും ബന്ധിപ്പിച്ചിരുന്ന നീലൂർ - മറ്റത്തിപ്പാറ റൂട്ടിലൂടെ നൂറുകണക്കിന് യാത്രക്കാരെയും വഹിച്ച് സഞ്ചരിച്ചിരുന്ന ബസാണ് കടനാട് സർവീസ് സഹകരണ ബാങ്കിന്റെ ചതിയിൽപ്പെട്ട് സഡൻ ബ്രേക്ക് ഇട്ടത്. ബസിന്റെ ലാഭവിഹിതം കടനാട് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. ബാങ്ക് നഷ്ടത്തിന്റെ വക്കിലായതോടെ തുക തിരികെ കിട്ടാതായി. മാനത്തൂർ മുതൽ മറ്റത്തിപ്പാറ നീലൂർ റൂട്ടിൽ ഗതാഗത സൗകര്യം ഇല്ലാതിരുന്നതിനെ തുടർന്ന് പതിനേഴ് വർഷം മുൻപ് ഗ്രാമത്തിലെ 76 പേർ ചേർന്ന് പതിനായിരം രൂപ വീതം നൽകിയാണ് സെക്കൻഡ് ഹാൻഡ് ബസ് വാങ്ങിയത്. 2008 മാർച്ച് 17 നാണ് സർവീസ് ആരംഭിച്ചത്. ഒരു ദിവസം 18 ട്രിപ്പുകൾ ഉണ്ടായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ ജനങ്ങൾ ജനകീയനിൽ സ്ഥിരമായി സീറ്റ് പിടിച്ചു. ദിവസേന കുട്ടികളും സ്ത്രീകളും പ്രായമായവരും ജോലിക്കാരും നീലൂരിലേക്കോ തൊടുപുഴയിലേക്കോ പോകുന്നതിനും വരുന്നതിനും ജനകീയനെയാണ് ആശ്രയിച്ചിരുന്നത്.
3 ലക്ഷം സ്വാഹ, ടെസ്റ്റിംഗും മുടങ്ങി
ദിവസേന ആറായിരം മുതൽ പതിനായിരം രൂപ വരെ കളക്ഷൻ ലഭിച്ചിരുന്നു. ഈ കളക്ഷനിൽ നിന്നുള്ള ലാഭവിഹിതം കാലങ്ങളായി നിക്ഷേപിച്ചിരുന്നത് കടനാട് ബാങ്കിലാണ്. മൂന്ന് ലക്ഷം രൂപ ഇതുവരെ നിക്ഷേപിച്ചു. എന്നാൽ പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. ഇതോടെ ബസിന്റെ ടെസ്റ്റിംഗ് പോലും നടത്താനായില്ല. നൂറുകണക്കിന് നിക്ഷേപകർക്കൊപ്പം ജനകീയൻ ബസും ഇതോടെ പെരുവഴിയിലായി. യാത്രാ ദുരിതവും ഇരട്ടിച്ചു.
''ഉടൻ തന്നെ റീടെസ്റ്റ് നടത്തേണ്ടതുണ്ട്. ഇതിന് ഭാരച്ച തുക വേണം. ബാങ്കിൽ നിന്ന് പണം കിട്ടുന്ന ലക്ഷണമില്ല. ഈ സാഹചര്യത്തിൽ ബസ് വിൽക്കുക മാത്രമേ മാർഗ്ഗമുള്ളൂ.
-ബസ് നടത്തിപ്പുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |