തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ പത്തുവര്‍ഷമായി ഭരണ നേട്ടങ്ങളൊന്നുമില്ലാത്തവര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുരേഷ്‌ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്നത് തൃശൂരിലെ വോട്ടര്‍മാരെ അപമാനിക്കുന്ന പ്രവൃത്തിയാണ്. തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് ഒന്നും പറയാനില്ലാത്ത ഇടത് വലതുമുന്നണികള്‍ നുണ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് തൃശൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന ആരോപണങ്ങള്‍. പരാതിയുണ്ടെങ്കില്‍ പറയേണ്ടത് കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പിലുമാണ്.തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം. ആ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബി ടീമാണ് കേരളത്തില്‍ സിപിഎം.
2014 മുതല്‍ രാഹുല്‍ ഗാന്ധി പലവിധ ആരോപണങ്ങളും ഉന്നയിക്കുന്നു. അതെല്ലാം പൊളിഞ്ഞുപോയി. റഫേല്‍ ഇടപാടിലും ഓപ്പറേഷന്‍ സിന്ദൂറിലും രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ നമ്മള്‍ കണ്ടതാണ്. നേരത്തെ ഇവിഎമ്മിന് ആയിരുന്നു വഴി, ഇപ്പോള്‍ അത് മാറി വോട്ടര്‍ പട്ടികയിലായി. പത്തുവര്‍ഷം എന്തു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വരുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടതും വലതും ഇത്തരത്തില്‍ നുണപ്രചാരണങ്ങളുമായി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
പത്തുവര്‍ഷം ഒന്നും ചെയ്യാതെ പിണറായി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. ഇലക്ഷന്‍ വന്നപ്പോള്‍ ശ്രദ്ധ തിരിക്കാനാണ് വ്യാജ പ്രചാരണങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുന്നത്. ഇതില്‍ മാദ്ധ്യമങ്ങള്‍ പെടരുത്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍ പട്ടിക പരിശോധിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു പരിഹരിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരമുണ്ട്. അത് ഉപയോഗിക്കുകയാണ് വേണ്ടത്. അതല്ല, വീണ്ടും പരാതികള്‍ ഉണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനങ്ങളും, അതിനുമുകളില്‍ കോടതിയും ഉണ്ട്. തെളിവുകള്‍ കൈവശമുള്ളവര്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെങ്കില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഒക്കെ ഈ രാജ്യത്തുണ്ട്. ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും സ്വന്തമായി മികച്ച അഭിഭാഷകരും ഉണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇവര്‍ കോടതിയില്‍ പോകാതെ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല ചെയ്യേണ്ടത്.
ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് അനാവശ്യ ആരോപണങ്ങളുമായി 2 മുന്നണികളും രംഗത്ത് വന്നിരിക്കുന്നത്. സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വര്‍ഷം കഴിയുന്നു. ഇതുവരെ ഇല്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. നുണ പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ കൊള്ളത്തരങ്ങള്‍ ബിജെപി തുറന്നുകാട്ടും. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ജനവിരുദ്ധതയും വികസനവിരുദ്ധതയും തുറന്നുകാട്ടിലൂടെയാണ് ബിജെപി പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |