തിരുവനന്തപുരം: കാൻസർ മരുന്നുകൾ വിലകുറച്ച് നൽകാനായി 2024ൽ ആരംഭിച്ച കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾവഴി അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകുമെന്ന് മന്ത്രി വീണാ ജോർജ്. മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കാനുള്ള ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവയവദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനാണ് കെ സോട്ടോ രൂപീകരിച്ചതെന്നും ഇതുവരെ 389 മരണാനന്തര അവയവദാനം കേരളത്തിൽ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതേതുടർന്ന് 1120 പേർക്ക് പുതിയ ജീവിതം ലഭിച്ചു. അവയവം മാറ്റിവെച്ചാൽ മാത്രം ജീവൻ നിലനിർത്താൻ കഴിയുന്ന 2801 രോഗികൾ കേരളത്തിലുണ്ട്.കോടതി വ്യവഹാരങ്ങൾ കാരണം അവയവദാനം സർട്ടിഫൈ ചെയ്യുന്നതിന് ഡോക്ടർമാർ മടിക്കുന്നതിനാൽ കോടതികൾ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പിന്തുണ നൽകി. എറണാകുളം സെന്റ് തെരേസസ് കോളേജിലെ 1000ത്തോളം വിദ്യാർത്ഥികൾ അവയവദാന രജിസ്‌ട്രേഷൻ ചെയ്തത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകയാണെന്നും ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവദാനത്തേക്കാൾ കൂടുതൽ മരണാനന്തര അവയവദാനം സമൂഹത്തിൽ വർദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
ജർമനിയിൽ നടക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന മിഥുൻ അശോക് (വൃക്ക മാറ്റിവയ്ക്കൽ), എസ്. സുജിത്ത് (കരൾ മാറ്റിവയ്ക്കൽ) എന്നിവർക്ക് വിജയാശംസകളും മന്ത്രി നേർന്നു. അവയവദാന മേഖലയിൽ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുകയും സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണവും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ ഖോബ്രഗഡെനിർവഹിച്ചു.
ആന്റണി രാജു എം.എൽ.എ., മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.വിശ്വനാഥൻ, കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, കൗൺസിൽ രാഖി രവികുമാർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജെ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീജിയണൽ ഡയറക്ടർ ഡോ. ഹരിതാ വി.എൽ. എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |