കണ്ണൂർ: നേതാക്കൾക്കും പാർട്ടിക്കും തലവേദന സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പാർട്ടി തടവുകാരെ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കാനുറച്ച് സി.പി.എം. പരോൾ ലഭിച്ച് പുറത്തിറങ്ങുന്ന ചില തടവുകാരുടെ പ്രവർത്തനങ്ങൾ പാർട്ടിയുടെ പ്രതിഛായയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിനെ തുടർന്നാണിത്.
പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തടവുകാരുടെ വിശദമായ വിവരങ്ങൾ ശേഖരിക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ പാർട്ടി തടവുകാരുടെ സമഗ്രമായ ഡാറ്റ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.ഇവരുടെ പരോൾ അപേക്ഷകൾ കർശന പരിശോധനയ്ക്കി വിധേയമാക്കും. അനാവശ്യ ആനുകൂല്യങ്ങൾ നിഷേധിക്കാനുമാണ് തീരുമാനം. സി.പി.എം നേതാക്കൾ ഉൾപ്പെട്ട ജയിൽ ഉപദേശക സമിതിക്ക് ഈ കാര്യത്തിൽ വിശദമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവമാണ് ഈ തീരുമാനത്തിന് പ്രേരണയായത്. പരോൾ വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ഈ പ്രവൃത്തി വലിയ വിവാദമായിരുന്നു.
ലഹരി സംഘവുമായി ബന്ധം
കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി വിതരണ സംഘത്തെ നിയന്ത്രിക്കുന്നത് കൊടി സുനിയും അനുയായികളുമാണെന്ന ജയിൽ വകുപ്പിന്റെ റിപ്പോർട്ടും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. ഗുരുതരമായ നിരവധി കുറ്റകൃത്യങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ പാർട്ടി തടവുകാരെ ജയിലിനുള്ളിൽ കർശനമായി നിരീക്ഷിക്കാനുള്ള നിർദേശം ജയിൽ അധികൃതർക്ക് നൽകിയിട്ടുണ്ട്. അച്ചടക്കം പാലിക്കാത്ത തടവുകാർക്ക് ഇനിമുതൽ പരോൾ സൗകര്യങ്ങൾ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |