മാവേലിക്കര : കൃഷിയെ സ്നേഹിച്ചും കാർഷിക വിഞ്ജാനം പകർന്നും 35 വർഷം പിന്നിട്ട മുരളീധരൻ തഴക്കരയുടെ ജീവിതത്തിലേക്ക് വീണ്ടും ഒരു പുരസ്കാരം കൂടി തേടി എത്തി. ശ്രവ്യ മാധ്യമരംഗത്തെ മികച്ച പ്രക്ഷേപകനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരത്തിനാണ് ഇത്തവണ അർഹമായത്.
1992 മുതൽ 1997 വരെ ആകാശവാണി കോഴിക്കോട് നിലയത്തിൽ റേഡിയോ റിപ്പോർട്ടറായും 1998 മുതൽ 2019 വരെ തിരുവനന്തപുരം ആകാശവാണിയിലും റിട്ടയർമെൻ്റിന് ശേഷം ഇപ്പോഴും കാർഷിക പ്രക്ഷേപകനായി തുടരുകയാണ് മുരളീധരൻ തഴക്കര.30 വർഷം ആകാശവാണിയുടെ വയലും വീടും പരിപാടിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു.
നിരവധി കൃഷിപാഠ പരമ്പരകൾക്കും നേതൃത്വം നൽകിയിരുന്നു. തേനീച്ച വളർത്തലിനെ അധികരിച്ച് മുരളീധരൻ തഴക്കരയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച 'തേൻ നുകരാം പണം നേടാം', 'മധുര കേരളം, ഹരിതകേരളം എന്നീ കൃഷിപാഠ പരമ്പരകളാണ് കേരളത്തിൽ ശാസ്ത്രീയമായ സംരംഭകത്വ മനസ്സോടെ തേനിച്ചവളർത്തലിന് വഴിയൊരുക്കിയതെന്ന് പറയാം. ഈ പാഠ പരമ്പരകളിൽ മിക്കവയും പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 13 പുസ്തകങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
കേരള സംഗീതനാടക അക്കാദമിയുടെ 2014ലെ പ്രക്ഷേപണ കലയ്ക്കുള്ള ഗുരുപൂജ അവാർഡ്, 2014-16 ലെ കേന്ദ്ര നാളികേര വികസന ബോർഡിന്റെ രാജ്യത്തെ മികച്ച വിജ്ഞാനവ്യാപന പ്രവർത്തനത്തിനുള്ള ദേശീയ അവാർഡ്, ഡോ.ബി.ആർ.അംബേദ്ക്കർ മാധ്യമ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |