പത്തനംതിട്ട: മലയോര മണ്ണായ കോന്നിയിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. 24 വർഷങ്ങൾക്ക് ശേഷമാണ് കോന്നിയിൽ ജില്ലാ സമ്മേളനം വീണ്ടും എത്തുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരിയിലേക്കുള്ള കൊടിമരം, പതാക, ബാനർ, ദീപശിഖ ജാഥകൾ ഇന്ന് രാവിലെ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് പ്രയാണം ആരംഭിക്കും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കവിയൂർ കോട്ടൂർ കുഞ്ഞുകുഞ്ഞ് സ്മൃതി മണ്ഡപത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ, ജാഥ ക്യാപ്ടൻ അഡ്വ.ശരത്ചന്ദ്രകുമാറിന് കൈമാറും. കൊടിമരം എം.വി.വിദ്യാധരന്റെ സ്മൃതി മണ്ഡപത്തിൽ ജാഥ ക്യാപ്ടൻ ടി.മുരുകേഷ് ജില്ല എക്സിക്യുട്ടീവ് അംഗം വി.കെ.പുരുഷോത്തമൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങും. ബാനർ എം.സുകുമാരപിള്ള സ്മൃതി മണ്ഡപത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജാഥ ക്യാപ്ടൻ അടൂർ സേതുവിന് കൈമാറും. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനർ ടി.ആർ.ബിജുവിന്റെ സ്മൃതിമണ്ഡപത്തിൽ ജാഥ ക്യാപ്ടൻ ഡി. സജിക്ക് സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് കൈമാറും. ദീപശിഖ ആർ.രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ ജാഥ ക്യാപ്ടൻ ബിബിൻ ഏബ്രഹാമിന് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ കൈമാറും. വിവിധ ജാഥകൾ എലിയറക്കൽ സംഗമിച്ച് ചുവപ്പ് വോളണ്ടിയർ മാർച്ചോടെ പൊതുസമ്മേളന നഗരിയായ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.
മന്ത്രി കെ.രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. 15ന് രാവിലെ പത്തിന് മേരിമാതാ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 16ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടി, പ്രമേയ അവതരണം, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിൽ 299 പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി ആർ ഗോപിനാഥൻ, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ ജി രതീഷ് കുമാർ എന്നിവരും പങ്കെടുത്തു.
ജില്ലയ്ക്ക് സ്വന്തം സെക്രട്ടറി വന്നേക്കും
പത്തനംതിട്ട: ഒന്നര വർഷത്തിലേറെയായി ജില്ലക്കാരനായ ജില്ലാ സെക്രട്ടറിയില്ലാതിരുന്നതിന്റെയും അംഗസഖ്യ കുറഞ്ഞതിന്റെയും ക്ഷീണം മാറ്റി പുതിയ നേതൃത്വത്തിന് കീഴിൽ ചടുലമായ പ്രവർത്തന പദ്ധതി സി.പി.ഐ ഈ സമ്മേളനത്തിൽ രൂപപ്പെടുത്തും.
മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ റാന്നിയിലും അടൂരിലും തർക്കത്തെ തുടർന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കാനായില്ല. കോട്ടയം ജില്ലക്കാരനായ സി.കെ. ശശിധരനാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഇത്തവണ ജില്ലയിൽ നിന്നുള്ളയാൾ തന്നെ സെക്രട്ടറിയാകുമെന്നാണ് സമ്മേളന പരിപാടികൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.
ജില്ലയിലെ പാർട്ടി അംഗങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് പതിനായിരമായി കുറഞ്ഞെന്ന് സി.കെ.ശശിധരൻ തുറന്നു സമ്മതിക്കുകയും ചെയ്തു. ഒന്നര വർഷത്തോളമായി പാർട്ടി പ്രവർത്തനം ജില്ലയിൽ നിർജീവമയിരുന്നുവെന്ന ആക്ഷേപം ബ്രാഞ്ച്, ലോക്കൽ, മണ്ഡലം സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. ഭരണപക്ഷത്തായതിനാൽ സമരങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതുകൊണ്ടാണ് അങ്ങനെ കരുതുന്നതെന്നാണ് നേതൃത്വം ഇതിനു നൽകിയ വിശദീകരണം. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി.ജയനെ 2023 നവംബറിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാൽ, ജില്ലാ കൗൺസിലിലും എക്സിക്യൂട്ടീവിലും ജയൻ പക്ഷത്തിന് മേൽക്കൈ ഉണ്ടായിരുന്നതിനാൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനായില്ല. ഇതേ തുടർന്നാണ് കോട്ടയംകാരനായ ശശിധരനെ സംസ്ഥാന ഘടകം ജില്ലയുടെ ചുമതല ഏൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |