സാങ്കേതികം, ഡിജിറ്റൽ സ്ഥിരം വി.സിമാരാകും
കുട്ടികളെ ഓർത്ത് തമ്മിലടി നിറുത്തൂ
ന്യൂഡൽഹി: വി.സിമാരുടെ പേരിൽ ഗവർണറും സംസ്ഥാന സർക്കാരും തുടരുന്ന രാഷ്ട്രീയക്കളിയും നിയമയുദ്ധവും വിദ്യാർത്ഥിളുടെ ഭാവിയെ ബാധിക്കുന്നെന്ന് ബോദ്ധ്യംവന്ന സുപ്രീംകോടതി സ്വയം രംഗത്തിറങ്ങി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി കോടതി രൂപീകരിക്കും.
കുട്ടികളുടെ താത്പര്യം കണക്കിലെടുത്ത് ഇനിയെങ്കിലും രാഷ്ട്രീയം കളിക്കാതെ സഹകരിച്ച് പ്രവർത്തിക്കണമെന്ന് വിനയത്തോടെ കൈകൂപ്പി അഭ്യർത്ഥിക്കുകയാണെന്നുവരെ കോടതിക്കു പറയേണ്ടിവന്നു.
സർക്കാരും ഗവർണറും ശുപാർശ ചെയ്യുന്നവരെ ഉൾപ്പെടുത്തി ഓരോ സർവകലാശാലയിലേക്കും അംഞ്ചംഗ സമിതിയെ കോടതി നിയോഗിക്കും. നാലുപേരെ വീതം ചാൻസലറായ ഗവർണറും സംസ്ഥാന സർക്കാരും ഇന്നുതന്നെ ശുപാർശചെയ്യാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഇരുവരുടെയും ലിസ്റ്റിൽ നിന്ന് രണ്ടുപേരെ വീതം കോടതി ഓരോ സമിതിയിലേക്കും നിശ്ചയിക്കും. ഓരോ പ്രതിനിധിയെ വീതം യു.ജി.സിയും നിർദ്ദേശിക്കണം. ഇങ്ങനെ അഞ്ചുപേരാകും. ഇന്ന് ആദ്യത്തെ കേസായി പരിഗണിക്കും. അതിനുമുമ്പ് സമിതി അംഗങ്ങളുടെ പേരുകൾ നൽകണം.
ഓരോ അഞ്ചംഗ സമിതിയും അതതു സർവകലാശാലകളിലേക്ക് വി.സിമാരുടെ പാനൽ തയ്യാറാക്കണം.
താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ഗവർണർ സമർപ്പിച്ച ഹർജിയും, പുനർനിയമന വിജ്ഞാപനത്തിനെതിരെ സർക്കാർ സമർപ്പിച്ച ഹർജികളുമാണ് പരിഗണനയ്ക്ക് വന്നതെങ്കിലും സ്ഥിരം വി.സിമാരുടെ നിയമനത്തിലേക്ക് കോടതി കടക്കുകയായിരുന്നു.
ജൂലായ് 30ന് ഗവർണറുടെ ഹർജി പരിഗണിച്ചപ്പോൾ, സ്ഥിരം വി.സി നിയമനത്തിന് മുൻഗണന നൽകാനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും നിർദ്ദേശിച്ചിരുന്നു.
താത്കാലിക വി.സിമാർക്ക് തുടരാം
ഡോ. കെ.ശിവപ്രസാദിനെ എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിലും, ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വി.സിമാരായി പുനർനിയമനം നൽകിയ ഗവർണർ ആർലേക്കറിന്റെ നടപടി നിയമം മറികടന്നാണെന്ന് നിരീക്ഷിച്ചു. എങ്കിലും ഇക്കാര്യത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ, താത്കാലിക വി.സിമാർക്ക് തുടരാനാവും.
സ്ഥിരം വി.സി:
നിയമനാധികാരി ഗവർണർ
സെർച്ച്കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കുമെങ്കിലും ഗവർണർക്ക് താത്പര്യമുള്ളവരേ വൈസ്ചാൻസലറാവാൻ സാദ്ധ്യതയുള്ളൂ. നിയമനാധികാരം ഗവർണർക്കാണ്
ഓരോസെർച്ച് കമ്മിറ്റിയിലും രണ്ടു പ്രതിനിധികൾ വീതമാണ് ഗവർണർക്കും സർക്കാരിനുമുള്ളത്.യു.ജി.സി അംഗം കൂടി വരുന്നതോടെ ഗവർണർക്ക് മുൻതൂക്കം ലഭിക്കാം
നിയമനം നടത്തുന്നത് ഗവർണർ ആയതിനാൽ അദ്ദേഹത്തിന്റെ പ്രതിനിധികളോ യു.ജി.സി അംഗമോ പാനലിൽ ഉൾപ്പെടുത്തുന്ന വ്യക്തിക്ക് നിയമനം കിട്ടാൻ സാദ്ധ്യത
അഭിപ്രായ ഐക്യമില്ലെങ്കിൽ ഓരോ അംഗത്തിനും വ്യത്യസ്ത പാനലുകൾ നൽകാം. ഇതിൽ നിന്ന് ഗവർണർക്ക് തന്റെ വിവേചനാധികാരമുപയോഗിച്ച് ഒരാളെ നിയമിക്കാനാകും
സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണർ ശുപാർശ ചെയ്തവരിൽ വി.എസ്.എസ്.സി ഡയക്ടറും ഐ.ഐ.ടി മേധാവികളും ഉണ്ടെന്നാണ് സൂചന. രാത്രിയോടെ അറ്റോർണി ജനറലിന് പാനൽ കൈമാറി.
സർക്കാരും നാല് അക്കാഡമിക് വിദഗ്ദ്ധരുടെ പാനൽ രാത്രിയോടെ അഭിഭാഷകനായ ജയദീപ്ഗുപ്തയ്ക്ക് കൈമാറി.
സെർച്ച്കമ്മിറ്റി ദേശീയതലത്തിൽ പരസ്യം നൽകി അപേക്ഷകൾ സ്വീകരിച്ചാവും അന്തിമപാനലുണ്ടാക്കുക. ചുരുങ്ങിയത് മൂന്നുമാസമെടുക്കും. താത്കാലിക വി.സിമാർക്ക് അതുവരെ തുടരാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |