തൃശൂർ: വോട്ടർ പട്ടികവിവാദം തെരുവിലേക്ക്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സി.പി.എം നടത്തിയ മാർച്ചും ഇതിനെതിരെ ബി.ജെ.പി നടത്തിയ മാർച്ചും സൃഷ്ടിച്ച ഭീകരാന്തീക്ഷമാണ് തെരുവുയുദ്ധ പ്രതീതിയുണ്ടാക്കിയത്. സി.പി.എമ്മും പൊലീസും മർദ്ദിച്ചെന്ന് ആരോപിച്ച് ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു.
അതേസമയം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് സി.പി.എമ്മും നഗരത്തിൽ മാർച്ച് നടത്തി. വോട്ടർപട്ടിക വിവാദവും മറ്റും പ്രാദേശിക തലങ്ങളിലും പ്രതിഷേധ അലയൊലി സൃഷ്ടിക്കുന്നുണ്ട്. ക്രമസമാധനം തകരുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴും മൂന്നു മുന്നണികളും ആരോപണ - പ്രത്യാരോപണങ്ങളുമായി രംഗത്ത് തന്നെയുണ്ട്.
ജസ്റ്റിൻ ജേക്കബ്ബിന്റെ തലയ്ക്ക് ലാത്തിയടി
കഴിഞ്ഞദിവസം രാത്രി സി.പി.എം ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്ന ദൃശ്യം പുറത്ത്. ജസ്റ്റിൻ എതിർവശത്ത് തിരിഞ്ഞു നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ലാത്തിയടിയേറ്റത്. അടിയിൽ ലാത്തി ഒടിയുന്നുണ്ട്. പരിക്കേറ്റ ജസ്റ്റിൻ ആശുപത്രിയിൽ ചികിത്സ തേടി.
70 പേർക്കെതിരെ കേസ്
കഴിഞ്ഞ ദിവസം സി.പി.എം ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലായി 70 പേർക്കെതിരെ കേസെടുത്തു. 40 ബി.ജെ.പി പ്രവർത്തകർക്കെതിരെയും 30 സി.പി.എം പ്രവർത്തകർക്കെതിരെയുമാണ് കേസ്. ഇതിനിടെ പൊലീസ് വാഹനത്തിൽ നിന്ന് പിടിച്ചിറക്കി രക്ഷപ്പെടുത്തിയ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കളക്ടർക്ക് പരാതി
തൃശൂർ: സ്ഥിര താമസമില്ലാത്ത വോട്ടർമാരെ ചേർത്തെന്ന് പ്രാഥമികമായി തന്നെ ബോദ്ധ്യപ്പെട്ടിട്ടുള്ള ബൂത്ത് നമ്പർ 36, 37, 42, 54 ബൂത്തുകളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് കളക്ടർക്ക് പരാതി നൽകി. വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങൾ പരിപൂർണമായി ലംഘിച്ചാണ് പ്രസ്തുത വോട്ടർമാരെ ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടർ പട്ടികയിൽ ചേർത്തതെന്ന് പ്രസാദ് ആരോപിച്ചു.
ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന്
തൃശൂർ: സ്വതന്ത്രവും നീതിപൂർവവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി.ജെ.പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 7ന് ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും.
ബി.ജെ.പി പ്രവർത്തകരെ മർദ്ദിച്ച പൊലീസിനെതിരെയും സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് കരി ഓയിൽ ഒഴിച്ചവർക്കെതിരെയും നടപടിയെടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം. പൊലീസുകാരനെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ വീട്ടിൽ കയറി മറുപടി കൊടുക്കും.
- കെ. സുരേന്ദ്രൻ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ്
ഒരു പാർട്ടിയുടെ ജില്ലാ ആസ്ഥാനത്തേക്ക് മറ്റൊരു പാർട്ടി നടത്തുന്ന മാർച്ച് അംഗീകരിക്കാനാകില്ല. ഇത് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമല്ല.
- കെ.വി. അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി
വോട്ടർ പട്ടിക വിവാദങ്ങളോട് പ്രതികരിച്ചു കണ്ടത് കെ. സുരേന്ദ്രനാണ്. ജനങ്ങളുടെ ചോദ്യങ്ങൾ പാർട്ടിയോടല്ല അവരുടെ ജനപ്രതിനിധിയോടാണ്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ നടന്നിട്ടും ഒരക്ഷരം ഉരിയാടാതെ പോയത് അദ്ദേഹത്തിന്റെ ധാർഷ്ട്യമാണ്.
- ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ അക്രമം നടന്നപ്പോൾ സുരേഷ് ഗോപി ഇടപെട്ടിരുന്നു. എന്നാൽ അത് വിളിച്ചുപറഞ്ഞിട്ടില്ല. കന്യാസ്ത്രീകൾ തന്നെ സുരേഷ് ഗോപിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അമിത്ഷായെയും പ്രധാനമന്ത്രിയെയും കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് സുരേഷ് ഗോപിയാണ്. മാദ്ധ്യമ പ്രവർത്തകരെ വിളിച്ച് ഇക്കാര്യം കൊട്ടിഘോഷിക്കാത്തതിനാലാണ് കേന്ദ്ര സഹമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
- ശോഭ സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി
സമാധാനപരമായി പ്രതിഷേധം നടത്തുകയും സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ ബി.ജെ.പിയുടെ വനിതാ പ്രവർത്തകരടക്കം നിൽക്കുമ്പോഴാണ് സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.
- ജസ്റ്റിൻ ജേക്കബ്ബ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ്
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണ്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യക്കും ഇരട്ടവോട്ട് മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ട്.
- അനിൽ അക്കര, മുൻ എം.എൽ.എ
വോട്ടർ പട്ടിക പുതുക്കുന്ന സ്വകാര്യ സോഫ്റ്റ്വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബി.ജെ.പി കേന്ദ്രനേതൃത്വം തൃശൂരിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകിക്കയറ്റിയത്. ജുഡീഷ്യൽ അന്വേഷണം വേണം.
- ടി.എൻ. പ്രതാപൻ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം
വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് കോൺഗ്രസും സി.പി.എമ്മും ഗൂഢാലോചന നടത്തുന്നത്. ഇത് ഒാരോ ദിവസം ചെല്ലുംതോറും അവർക്ക് തന്നെ തിരിച്ചടിയാകും.
- എ. നാഗേഷ്, ബി.ജെ.പി മേഖലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |