കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിൽ തീരുമാനമറിയിക്കാൻ കേന്ദ്രസർക്കാരിന് ഒരവസരം കൂടി നൽകി ഹൈക്കോടതി. സെപ്തംബർ 10നകം തീരുമാനം അറിയിക്കണമെന്ന് വയനാട് പുനരധിവാസം സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് അന്ത്യശാസനം നൽകി.
വായ്പകൾ എഴുതിത്തള്ളണമെന്ന നിർദ്ദേശേത്താേട് കേന്ദ്രം തുടക്കം മുതൽ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്തപ്പോൾ ബന്ധപ്പെട്ട വ്യവസ്ഥ ഒഴിവാക്കിയെന്നും വിശദീകരിച്ചിരുന്നു. തുടർന്നാണ് സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഉചിതമായ തീരുമാനമെടുക്കാൻ പ്രത്യേകബെഞ്ച് നിർദ്ദേശിച്ചത്. നിർദ്ദേശം വിവിധ മന്ത്രാലയങ്ങൾ പരിശോധിച്ചു വരിയാണെന്നറിയിച്ച് കേന്ദ്രം പലതവണ സമയം നീട്ടിവാങ്ങി. കേന്ദ്രസർക്കാരിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്നലെയും അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. തുടർന്നാണ് ഒരവസരം കൂടി നൽകിയത്. കേന്ദ്ര നിലപാടനുസരിച്ച് ഇക്കാര്യത്തിൽ കോടതി ഇടപെടലുണ്ടാകും.
തുരങ്കപ്പാത നിർമ്മാണ
നിയന്ത്രണം തുടരും
കോഴിക്കോട് - വയനാട് നിർദ്ദിഷ്ട തുരങ്കപ്പാതയുടെ പ്രവൃത്തികൾ ഇതുസംബന്ധിച്ച ഹർജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ നിർമ്മാണോദ്ഘാടനം 31ന് നടത്താൻ സർക്കാർ തീരുമാനിച്ചതായി വാർത്തകളുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ബെഞ്ച് ഇടപെട്ടില്ല. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ കോടതിയുടെ അനുമതിയോടെ ആയിരിക്കണമെന്ന ഉത്തരവ് തുടരുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |