ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വിജയിച്ച വയനാട് മണ്ഡലത്തിൽ 93,499 വോട്ടുകൾ സംശയാസ്പദമാണെന്ന് ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ. വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് അനുരാഗിന്റെ തിരിച്ചടി.
രാഹുൽ ഗാന്ധി ജയിച്ച റായ് ബറേലി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജയിച്ച യു.പിയിലെ കനൗജ്, ഭാര്യ ഡിംപിൾ യാദവിന്റെ മെയിൻപുരി, തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ പശ്‌ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊലാത്തൂർ എന്നിവിടങ്ങളിലും സമാന ക്രമക്കേടുകൾ നടന്നതായി അനുരാഗ് ആരോപിച്ചു.
വയനാട്ടിൽ 20,438 പേർ ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരാണ്, 70,450 പേരുടേത് വ്യാജ വിലാസം. വണ്ടൂർ അസംബ്ളി മണ്ഡലത്തിലെ 52-ാം ബൂത്തിൽ 52 തിരിച്ചറിയൽ കാർഡുകളിൽ ഒരേ വിലാസം. കൽപ്പറ്റ അസംബ്ളി മണ്ഡലത്തിൽ ഭിന്നമതക്കാരായ വ്യക്തികൾ ഒരേ വിലാസത്തിൽ. ലില്ലിക്കുട്ടി(102), കമ്മലമ്മ(101), പാറു(101) തുടങ്ങിയ പ്രായമുള്ള ആളുകൾ പുതിയ വോട്ടർമാരായി ചേർക്കപ്പെട്ടു. 51,365 പേരെ ഒന്നിച്ച് വോട്ടർ പട്ടികയിൽ ചേർത്തു. അന്നമ്മ(99), തരശി അമ്മ(99), ഖദീജ(99) തുടങ്ങിയവരുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ട്.
ബി.ജെ.പി ഇസ്ളാമിക മൗലികവാദം ആരോപിച്ച വയനാട്ടിൽ രാഹുലിന് ക്രമക്കേടിലൂടെ അനുകൂല സാഹചര്യം ഒരുക്കപ്പെട്ടോ. രാഹുൽ രാജിവച്ചപ്പോൾ പ്രിയങ്ക ഗാന്ധിക്ക് അവിടെ ജയം സമ്മാനിച്ചതാണോ? അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധി ജയിച്ച ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 2,99,000 സംശയ വോട്ടുകളുണ്ട്. മുഹമ്മദ് കൈഫ് ഖാൻ എന്നയാളുടെ പേര് 83, 151, 218 എന്നീ ബൂത്തുകളിലുണ്ട്. 71,970 വോട്ടർമാരുടേത് വ്യാജ വിലാസമാണ്. 189-ാം നമ്പർ ബൂത്തിൽ ഒരേ വിലാസത്തിൽ 47 വ്യാജ തിരിച്ചറിയൽ കാർഡുകൾ. ഹർചന്ദ്‌പൂരിലെ 86-ാം വീടിന്റെ വിലാത്തിൽ 31 തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു. 15,853 വോട്ടർമാരെ രജിസ്റ്റർ ചെയ്‌തത് രണ്ടു ബൂത്തുകൾക്ക് കീഴിലുള്ള രണ്ട് വീടുകളുടെ വിലാസത്തിൽ. മാർച്ചിൽ മാത്രം 92,747 വോട്ടർമാരെ ചേർത്തു. പലരും 80 വയസിനു മുകളിലുള്ളവർ.
നടപടി എങ്ങനെ?
വോട്ടിംഗ് ക്രമക്കേടുകളുടെ പേരിൽ പ്രതിപക്ഷം ഇപ്പോൾ ചില നേതാക്കളുടെ രാജി ആവശ്യപ്പെടുന്നു. പ്രിയങ്കയും രാഹുലും രാജിവയ്‌ക്കുമോ? അനുരാഗ് താക്കൂർ ചോദിച്ചു. ക്രമക്കേടുകൾ തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുകയാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ പരിഷ്കാരങ്ങൾ നിറുത്താൻ പ്രതിപക്ഷം പ്രവർത്തിക്കുന്നുവെന്നും അനുരാഗ് ആരോപിച്ചു.
'ഇന്ത്യൻ പൗരത്വം ലഭിക്കും മുമ്പ് സോണിയ വോട്ടറായി "
മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും മുൻപേ വോട്ടർ പട്ടികയിൽ ചേർത്തതിന്റെ തെളിവുകൾ പുറത്തു വിട്ട് ബി.ജെ.പി. ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്സിലൂടെ 1980ലെ ഡൽഹി സഫ്ദർജംഗ് ബൂത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയത്. രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണങ്ങൾക്ക്പിന്നാലെയാണിത്.
1980 ജനുവരി ഒന്നിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സഫ്ദർജംഗ് റോഡിലെ ഔദ്യോഗിക വസതിയുടെ വിലാസത്തിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ പട്ടികയിൽ സോണിയയും ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരാണ് മറ്റു വോട്ടർമാർ. അന്ന് സോണിയയ്ക്ക് ഇന്ത്യൻ പൗരത്വമുണ്ടായിരുന്നില്ല.
1982-ൽ പ്രതിഷേധത്തെത്തുടർന്ന് പേര് നീക്കം ചെയ്തെങ്കിലും 1983 ജനുവരി ഒന്ന് അടിസ്ഥാനമാക്കി വോട്ടർ പട്ടിക പരിഷ്കരിച്ചപ്പോൾ വീണ്ടും ചേർത്തു. സോണിയയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് 1983 ഏപ്രിൽ 30-ന് മാത്രമാണ്. രണ്ടു തവണ സോണിയ നിയമം ലംഘിച്ചു. രാജീവ് ഗാന്ധിയുമായുള്ള വിവാഹം കഴിഞ്ഞ് 15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പൗരത്വമെടുത്തത്.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതല്ലെന്നും അക്കാലത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്വയം ചെയ്തതാണെന്നും കോൺഗ്രസ് നേതാവ് താരിഖ് അൻവർ പ്രതികരിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദി. അന്ന് ഭരിച്ച കോൺഗ്രസ് സർക്കാർ സമ്മർദ്ദം ചെലുത്തിയോ എന്ന ചോദ്യം ഉയരുന്നില്ല.തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും താരിഖ് അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |