വിജയവാഡ: 2024 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ക്രമക്കേട് നടന്നത് ആന്ധ്രപ്രദേശിലാണെന്ന് മുൻ മുഖ്യമന്ത്രി വെ.എസ്.ആർ.കോൺഗ്രസ് പാർട്ടി പ്രസിഡന്റുമായ ജഗൻമോഹൻ റെഡ്ഡി ആരോപിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ക്രമക്കേടിനെ കുറിച്ച് സംസാരിക്കുന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആന്ധ്രപ്രദേശിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നുവെന്ന് പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. അദ്ദേഹം സംസാരിക്കില്ല, കാരണം ചന്ദ്രബാബുവുമായി അദ്ദേഹം ബന്ധം പുലർത്തുന്നുണ്ട്.
സംസ്ഥാനത്ത് രേഖപ്പെടുത്തിയ ആകെ വോട്ടിൽ 12.5% (48 ലക്ഷത്തോളം) ക്രമക്കേട് നടന്നു.
വൈ.എസ്.ആർ.സി.പി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതായും സംസ്ഥാനത്ത് തീവ്ര പുനഃപരിശോധന നടത്താമെന്ന് കമ്മിഷൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ വക്താവ് മാണിക്കം ടാഗോറിനെതിരെയും ജഗൻമോഹൻ ആരോപണമുന്നയിച്ചു. വൈ.എസ്.ആർ.സി.പിയുടെ കുറ്റങ്ങൾ മാത്രമാണ് മാണിക്കം ടാഗോർ സംസാരിക്കുന്നതെന്നും നായിഡുവിന്റെ അഴിമതികൾ അദ്ദേഹം അവഗണിക്കുകയാണെന്നും ജഗൻമോഹൻ കൂട്ടിച്ചേർത്തു. രേവന്ത് റെഡ്ഡിയും ചന്ദ്രബാബു നായിഡുവുമായും ബന്ധമുണ്ടെന്നും അക്കാര്യം എല്ലാവർക്കും അറിവുള്ളതാണെന്നും ചോദ്യത്തിന് മറുപടിയായി ജഗൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |