തിരുവനന്തപുരം: അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാർവ്വതി. ബാബുരാജ് അമ്മയുടെ മത്സരരംഗത്ത് നിന്ന് പിൻമാറിയതിനുശേഷമാണ് ആരോപണങ്ങൾ ഉയർന്നുവരുന്നതെന്നും അവർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കും ഭീഷണിയുണ്ടെന്ന് മാലാ പാർവ്വതി പറഞ്ഞു. ഇന്നലെ ശ്വേതയെയും കുക്കു പരമേശ്വറിനെയും പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് മാലാ പാർവ്വതി പങ്കുവച്ചിരുന്നു.
'എനിക്കുനേരെയും ഭീഷണിയുണ്ട്. മോഹൻലാൽ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ അധികാരം ഉറപ്പിക്കാനാണ് ചിലർ ഇക്കാര്യങ്ങൾ ചെയ്തത്. വലിയ ആസ്ഥിയുളള സംഘടനയാണ് അമ്മ. അതിന്റെ സുഖം അറിഞ്ഞുപോയവരാണ് ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്ക് പിന്നിലുളളത്. അവർക്ക് അമ്മയെ വിട്ടുകൊടുക്കാൻ മടിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. കേസിന് പിന്നിൽ ഗൂഢതന്ത്രം ഉണ്ട്.
ഹേമാ കമ്മിറ്റിയിൽ നശിച്ചുപോയ അമ്മയെ താങ്ങിനിർത്തിയത് ബാബുരാജാണെന്നാണ് ചിലരുടെ പ്രസ്താവനകൾ. ശ്വേത അഭിനയിച്ച പാലേരിമാണിക്യത്തിന് അവാർഡ് വരെ കിട്ടിയതാണ്. കുക്കുവിനെതിരെ പോക്‌സോ കേസാണ് ചുമത്തിയിരിക്കുന്നത്. എങ്ങനെ ഈ നാട്ടിൽ അഭിനയിക്കും?ശ്വേത കടുത്ത മാനസിക വിഷമത്തിലാണ്. അവരോടൊപ്പം കുടുംബവും ഞങ്ങളുമുണ്ട്. ഇത്രയും നാൾ അമ്മയ്ക്കുവേണ്ടി പ്രവർത്തിച്ചവരെ ഒന്നുമല്ലാതെയാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ നടന്നത്. മിക്കയുളളവർക്കും ബാബുരാജിനെ ഭയമാണ്. ബാബുരാജിനെതിരെ ഒന്നും പറയരുതെന്ന് പ്രമുഖരായ പലരും എന്നെ ഉപദേശിച്ചിരുന്നു. എന്നെ വ്യക്തിഹത്യ ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എനിക്ക് ഭയക്കേണ്ട ആവശ്യമില്ല'- മാലാ പാർവ്വതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |