മനുഷ്യാവകാശ കമ്മിഷന് പരാതി നൽകും
തിരുവനന്തപുരം: ബൈക്ക് യാത്രക്കാരായ യുവാക്കളെ ലാത്തികൊണ്ട് എറിഞ്ഞിട്ടശേഷം പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആക്ഷേപമുയരുകയും ഇക്കാര്യം പൊലീസ് നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇക്കഴിഞ്ഞ 11ന് ബൈപ്പാസിൽ മുട്ടത്തറയ്ക്ക് സമീപം കല്ലറ മിതൃമ്മല കോട്ടയിൽക്കാട് തടത്തരികത്ത് വീട്ടിൽ ദിപിൻ, ബന്ധുവായ വിശാഖ് എന്നിവർക്ക് പരിക്കേറ്റ സംഭവത്തിലാണ് അവ്യക്തത നിലനിൽക്കുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസിനെതിരെ മനുഷ്യവകാശ കമ്മിഷന് ഇന്ന് പരാതി നൽകുമെന്ന് ദിപിന്റെ ഭാര്യ ശ്രീലക്ഷ്മി പറഞ്ഞു.
അപകടത്തിൽപ്പെട്ടവർ മദ്യപിച്ചിരുന്നതായി പൊലീസ് സാക്ഷി മൊഴികൾ നിരത്തുകയും അപകടമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് വിശദമാക്കുകയും ചെയ്‌തിട്ടും അപകട ദൃശ്യം നൽകാത്തതാണ് പൊലീസിനെ സംശയ നിഴലിൽ നിറുത്തുന്നത്.
എന്നാൽ പൊലീസ് മർദ്ദിച്ചതാണെന്ന് പരാതിക്കാർ ഉറച്ചുനിൽക്കുകയാണ്. വാഹനാപകടത്തിൽ ഉണ്ടാകുന്നതിനേക്കാൾ ഭീകരമായ പരിക്കുകളും മുറിവും സംഭവിച്ചതിനാൽ ഇവരുടെ വാദം ഇപ്പോഴും നിലനിൽക്കുകയാണ്. അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഇടതുവശമാണ് തകർന്നതെങ്കിലും വാഹനം ഓടിച്ചിരുന്നയാളിന് പരിക്കേറ്റത് വലത് ഭാഗത്താണ്. പൊലീസ് മർദ്ദിച്ചെന്ന് കാട്ടി സിറ്റി പൊലീസ് കമ്മിഷണർക്ക് അപകടത്തിൽപ്പെട്ടവർ നൽകിയ പരാതിയിൽ ഇതുവരെയും മൊഴിയെടുത്തിട്ടുമില്ല. അതേസമയം, മർദ്ദനമുണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽകുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |