ന്യൂഡൽഹി: കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ നടത്തിയ ആരോപണങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടിംഗ് നടന്നുവെന്ന് തെളിയിക്കുന്നതായി കോൺഗ്രസ്. വ്യാജ വോട്ടുകളുടെ സഹായത്തോടെ ജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. രാഹുൽ ഗാന്ധി പുറത്തുവിട്ട തെളിവുകളോട് പ്രതികരിച്ച് അനുരാഗ് പുറത്തുവിട്ട വിവരങ്ങൾ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ വോട്ടുകളുണ്ടായെന്ന് തെളിയിക്കുന്നു. വ്യാജ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് നടന്നതെങ്കിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് അസാധുവാക്കണം.
അമേഠി, റായ്ബറേലി, വയനാട്, ഡയമണ്ട് ഹാർബർ എന്നിവയുൾപ്പെടെ ആറ് മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരമാണ് അനുരാഗ് പുറത്തുവിട്ടത്. അങ്ങനെ വ്യാജ വോട്ടർമാർ നിലവിലുണ്ടെന്ന് മനഃപൂർവ്വമോ അല്ലാതെയോ അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിയും വാരാണസിയിലെ ഇലക്ട്രോണിക് വോട്ടർപ്പട്ടിക
പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് 2024 ൽ വാരാണസി സീറ്റ് അദ്ദേഹം നിലനിറുത്തിയത്.
രാഹുലിന്റെ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ച ഭൂകമ്പത്തിന്റെ പ്രകമ്പനം ബി.ജെ.പിയെ വേട്ടയാടുന്നു. അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിച്ചത് പാളുകയും ചെയ്‌തു. വ്യാജ വോട്ടുകൾ പഠിക്കാനും തിരിച്ചറിയാനും കോൺഗ്രസ് ആറ് മാസമെടുത്തപ്പോൾ ആറ് മണ്ഡലങ്ങളിലെ മുഴുവൻ ഇലക്ട്രോണിക് വോട്ടർ പട്ടിക വിവരങ്ങളും ആറ് ദിവസത്തിനുള്ളിൽ അനുരാഗ് താക്കൂറിന് ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബന്ധത്തിന് തെളിവാണിത്. കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും നിഷേധിക്കുന്ന വിവരങ്ങളാണ് ബി.ജെ.പിക്ക് എളുപ്പം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |